ആർ.കെ ദാമോദരന് സൗപർണികാമൃത പുരസ്‌കാരം നൽകി

Sunday 11 January 2026 12:51 AM IST

കൊല്ലൂർ: കൊല്ലൂർ മൂകാംബികാ സംഗീതാർച്ചനാ സമിതി ഏർപ്പെടുത്തിയ സൗപർണികാമൃതം പുരസ്ക്കാരം പ്രശസ്ത കവിയും ഗാനരചയിതാവുമായ ആർ.കെ.ദാമോദരൻ കൊല്ലൂർ ശ്രീ മൂകാംബികാ ക്ഷേത്ര സന്നിധിയിൽ നിന്നും ഏറ്റുവാങ്ങി. മൂകാംബികാ ക്ഷേത്രം അർച്ചകരായ നരസിംഹ അഡിഗ, ഗോവിന്ദ അഡിഗ, ക്ഷേത്രം ട്രസ്റ്റി പി.വി.അഭിലാഷ്, പ്രശസ്ത ഗായകൻ വിജയ് യേശുദാസ് എന്നിവർ ചേർന്ന് ശിൽപ്പവും പ്രശസ്തിപത്രവും പൊന്നാടയും 10100 രൂപയും അടങ്ങിയ പുരസ്ക്കാരം നൽകി. മൂകാംബികാ സംഗീതാർച്ചനാ സമിതി ചെയർമാൻ സംഗീതരത്നം ഡോ.കാഞ്ഞങ്ങാട് രാമചന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കെ.സി.സി.പി.എൽ. മാനേജിംഗ് ഡയറക്ടർ ഡോ.ആനക്കൈ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിജയ് യേശുദാസ്, ക്ഷേത്രം ട്രസ്റ്റി പി.വി.അഭിലാഷ് എന്നിവർ ആശംസ നേർന്നു. സംഗീതാർച്ചനാ സമിതി ജനറൽ കൺവീനർ വി.വി.പ്രഭാകരൻ സ്വാഗതവും സന്തോഷ് ചൈതന്യ നന്ദിയും പറഞ്ഞു.