രണ്ടര മാസം മാത്രം; പൂർത്തീകരിക്കേണ്ടത് 586.27 കോടിയുടെ പദ്ധതികൾ
മലപ്പുറം: സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടര മാസത്തോളം മാത്രം ബാക്കിനിൽക്കെ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് പൂർത്തീകരിക്കാനുള്ളത് 586.27 കോടി രൂപയുടെ പദ്ധതികൾ. 338 കോടി രൂപയാണ് ആകെ ചെലവഴിച്ചത്, 36.63 ശതമാനം. 2025-26 സാമ്പത്തിക വർഷം 925.11 കോടിയുടെ ബഡ്ജറ്റാണ് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. സംസ്ഥാനത്ത് പദ്ധതി തുക ചെലവഴിക്കുന്നതിൽ നാലാം സ്ഥാനത്താണ് മലപ്പുറം ജില്ല.
തദ്ദേശ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും മഴക്കാലവും പൂർത്തീകരിച്ച പദ്ധതികളുടെ തുക ട്രഷറികളിൽ നിന്ന് അനുവദിക്കുന്നതിലെ കാലതാമസവുമെല്ലാം പദ്ധതി നടത്തിപ്പിന് വിലങ്ങായി. മാസങ്ങളായി തദ്ദേശ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിൽ ഉദ്യോഗസ്ഥർ കേന്ദ്രീകരിക്കപ്പെട്ടതും പ്രവൃത്തികളുടെ വേഗത കുറച്ചു. ജനറൽ പദ്ധതികൾക്കായി 515.27 കോടി രൂപ വകയിരുത്തിയതിൽ 211.6 കോടി രൂപയാണ് ചെലവഴിക്കാനായത്. 41 ശതമാനം. എസ്.സി പദ്ധതികൾക്ക് 146.19 കോടി രൂപ വകയിരുത്തിയപ്പോൾ 52.96 ശതമാനം തുക ചെലവഴിക്കാനായി. ജില്ലയിലെ 122 തദ്ദേശ സ്ഥാപനങ്ങളിൽ പത്തെണ്ണം മാത്രമാണ് പദ്ധതി തുകയുടെ പകുതിയെങ്കിലും ചെലവഴിച്ചത്. 30 ശതമാനത്തിൽ താഴെ തുക ചെലവഴിച്ച 30 തദ്ദേശ സ്ഥാപനങ്ങൾ ജില്ലയിലുണ്ട്. ജില്ലയിലെ മുനിസിപ്പാലിറ്റികളാണ് ഏറെ പിന്നിൽ.
മുന്നിൽ ഇവർ കീഴുപറമ്പ് ഗ്രാമപഞ്ചായത്താണ് പദ്ധതി ചെലവുകൾ പൂർത്തീകരിക്കുന്ന കാര്യത്തിൽ മുന്നിലുള്ളത്. 58.33 ശതമാനം തുകയും ചെലവഴിച്ചു. ബ്ലോക്ക് പഞ്ചായത്തുകളിൽ പൊന്നാനി ആണ് 52.58 ശതമാനവുമായി മുന്നിലുള്ളത്. ജില്ലയിലെ മുനിസിപ്പാലിറ്റികളിൽ ഒരിടത്ത് പോലും പകുതി തുക ചെലവഴിച്ചിട്ടില്ല. മുന്നിലുള്ള വളാഞ്ചേരി പോലും 42.43 ശതമാനമാണ് ചെലവഴിച്ചത്.
പഞ്ചായത്ത്.............. പദ്ധതി പുരോഗതി (ശതമാനം) കീഴുപറമ്പ് .................58.33 പൊന്മള ...................... 55.85 കൂട്ടിലങ്ങാടി ...............54.46 എടപ്പറ്റ ........................ 53.85 പോരൂർ ..................... 52.84 മക്കരപ്പറമ്പ് .............. 51.29 എടയൂർ ...................... 51.21 കരുവാരക്കുണ്ട് ........ 50.89 അമരമ്പലം ................. 50.49
ബ്ലോക്ക് പഞ്ചായത്ത് പൊന്നാനി ...................... 52.58 നിലമ്പൂർ .......................... 49.68 വേങ്ങര ............................ 45.38 മലപ്പുറം ............................ 44.65 കൊണ്ടോട്ടി ...................... 44.18
ജില്ലാ പഞ്ചായത്തും പിന്നിൽ
ജില്ലാ പഞ്ചായത്ത് 45.56 ശതമാനം തുക മാത്രമാണ് ചെലവഴിച്ചത്. ഈ സാമ്പത്തിക വർഷം 112.96 കോടിയുടെ പ്രവൃത്തികളാണ് പൂർത്തീകരിക്കാനുള്ളത്. ഇതിൽ 51.46 കോടി രൂപയാണ് ചെലവഴിച്ചത്. ജനറൽ പദ്ധതികൾക്ക് 63.57 കോടി രൂപ വകയിരുത്തിയപ്പോൾ 29.73 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. എസ്.സി പദ്ധതികൾക്ക് 24.9 കോടി രൂപയുള്ളപ്പോൾ 8.55 കോടിയുടെ പ്രവൃത്തികളിൽ തട്ടിനിൽക്കുകയാണ്.