സ്വർണ വായ്പാ പരസ്യം: മോഹൻലാലിനെതിരായ ഉപഭോക്തൃ കേസ് റദ്ദാക്കി

Sunday 11 January 2026 1:53 AM IST

കൊച്ചി: പരസ്യത്തിലെ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന പരാതിയിൽ നടൻ മോഹൻലാലിനെതിരെ ഉപഭോക്തൃ തർക്കപരിഹാര ഫോറത്തിൽ നിലനിന്നിരുന്ന കേസ് ഹൈക്കോടതി റദ്ദാക്കി. മോഹൻലാലിന്റെ ഹർജിയിലാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാന്റെ ഉത്തരവ്.

കുറഞ്ഞ പലിശ നിരക്കിൽ സ്വർണവായ്പ എന്നതായിരുന്നു ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡറായിരുന്ന മോഹൻലാൽ അഭിനയിച്ച പരസ്യങ്ങളിലെ വാഗ്ദാനം. എന്നാൽ 2018ൽ എടുത്ത വായ്പ തിരിച്ചടച്ച് പണയ സ്വർണം എടുക്കാൻ എത്തിയപ്പോൾ സ്ഥാപനം ഉയർന്ന പലിശ ഈടാക്കിയെന്നാണ് തിരുവനന്തപുരം സ്വദേശികളായ മനു കമലും കെ.എസ്. ശൈലേഷും ഉപഭോക്തൃ ഫോറത്തിൽ പരാതിപ്പെട്ടത്. മോഹൻലാലിന്റെ വാഗ്ദാനം വിശ്വസിച്ചാണ് വായ്പ എടുത്തതെന്നും, സേവനത്തിലെ പിഴവിന് താരം ഉത്തരവാദിയാണെന്നുമായിരുന്നു പരാതി. അധിക പലിശയുടെ റീഫണ്ടും 25 ലക്ഷം രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിരുന്നു.

പരാതിക്കാരും മോഹൻലാലും തമ്മിൽ നേരിട്ട് ഒരു ഇടപാടും നടന്നിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ സ്ഥാപനത്തിന്റെ സേവനങ്ങളെ പരിചയപ്പെടുത്തുക മാത്രമാണ് നടൻ ചെയ്തത്. പരസ്യത്തിലെ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ പൂർണ ഉത്തരവാദിത്വം സ്ഥാപനത്തിനാണെന്നും പരാതി ഉചിതമായ അതോറിറ്റി മുമ്പാകെ ഉന്നയിക്കാമെന്നും സിംഗിൾബെ‌ഞ്ച് വ്യക്തമാക്കി.