ജമാ അത്തെ വിമർശനം മുസ്ലിം സമുദായത്തിന് എതിരല്ല: എം.വി.ഗോവിന്ദൻ

Sunday 11 January 2026 1:02 AM IST

തിരുവനന്തപുരം: ജമാ അത്തെ ഇസ്ലാമിക്കെതിരായ വിമർശനം മുസ്ലിം സമുദായത്തിനെതിരാണെന്ന് വ്യാഖ്യാനിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മാറാട് കലാപം ആരും മറക്കരുതെന്നും സി.പി.എം സെക്രട്ടേറിയറ്റിനു ശേഷം വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു..

തീവ്ര വലതുപക്ഷശക്തികളും മത ധ്രുവീകരണ ശക്തികളും രാഷ്ട്രീയ നേട്ടങ്ങൾക്ക് മതത്തെ ഉപയോഗിക്കുന്നു. മതരാഷ്ട്ര ആശയം പങ്കു വയ്ക്കുന്ന വർഗീയ ശക്തികൾ ജനാധിപത്യത്തിന് ഭീഷണിയാണ്. ആർ.എസ്.എസിനെതിരായ വിമർശനം ഹിന്ദുമതത്തിനും, ജമാ അത്തെ ഇസ്ലാമിക്കും ലീഗിനുമെതിരായ വിമർശനം മുസ്ലിം സമുദായത്തിനും എതിരാണെന്ന് വ്യാഖ്യാനിക്കുന്നു. അതിന് മാധ്യമങ്ങളും സഹായിക്കുന്നു. ഗാന്ധിജിയും ഗോഡ്‌സെയും തമ്മിലുള്ള വ്യത്യാസമാണ് മതവിശ്വാസവും വർഗീയതയും തമ്മിലുള്ളത്. കോ-ലീ-ബി സഖ്യം വീണ്ടും വളരുകയാണ്. ജമാ അത്തെ ഇസ്ലാമിയെ സി.പി.എം മുൻപേ എതിർക്കുന്നതാണ്. ദേശദ്രോഹ പ്രവർത്തനം നടത്തുന്ന ജമാ അത്തെ ഇസ്ലാമിയെ വേണ്ടി വന്നാൽ നിരോധിക്കുമെന്ന് ഉമ്മൻചാണ്ടി സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകിയതാണ്.

സമൂഹത്തിലെ വിഷമായ ജമാ അത്തെ ഇസ്ലാമിയെയും ആർ.എസ്.എസിനെയും ഒരു പോലെ എതിർക്കും.വർഗീയ രാഷ്ട്രീയത്തിനെതിരെ ഗാന്ധിജി രക്തസാക്ഷി ദിനമായ 30ന് ജില്ലാടിസ്ഥാനത്തിൽ ജനകീയ മുന്നേറ്റം സംഘടിപ്പിക്കും.സ്വർണക്കൊള്ളക്കേസിൽ തന്ത്രിയുടെ അറസ്റ്റ് എസ്.ഐ.ടി നടപടിയാണ്. തന്ത്രിയെ പിടിക്കാൻ പാടില്ലെന്നുണ്ടോയെന്നും ഗോവിന്ദൻ ചോദിച്ചു.