ഒന്നാം ക്ളാസുകാരന്റെ സ്കൂൾ ബാഗിൽ മൂർഖൻ
Sunday 11 January 2026 1:09 AM IST
കൊച്ചി: ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. കാക്കനാട് അത്താണി എളവക്കാട്ട് അബ്ദുൾ അസീസിന്റെ വീട്ടിൽ ഇന്നലെ രാവിലെയാണ് സംഭവം. വെള്ളിയാഴ്ച വൈകിട്ടാണ് ട്യൂഷനും കഴിഞ്ഞ് അസീസിന്റെ പേരക്കുട്ടി ബാഗ് വീട്ടിൽ മേശയ്‌ക്ക് താഴെ വച്ചത്. ഇന്നലെ രാവിലെ വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരി ബാഗ് നീക്കിവയ്‌ക്കാനെടുത്തപ്പോൾ ചീറ്റൽ കേട്ട് ഭയപ്പെട്ട് നോക്കിയപ്പോഴാണ് മൂർഖനെ കണ്ടത്. ഉടൻ വനംവകുപ്പിന്റെ സർപ്പ് ആപ്പിലൂടെ പാമ്പ് പിടിക്കുന്ന സന്നദ്ധസേവകൻ എളമക്കര സ്വദേശി റിൻഷാദ് നാസറെ ബന്ധപ്പെട്ടു. റിൻഷാദ് എത്തി ബാഗ് മുറ്റത്തേക്കിട്ട് പാമ്പിനെ പിടികൂടി വനംവകുപ്പിന് കൈമാറി.