വൺഡേ വാർ

Sunday 11 January 2026 4:07 AM IST

വഡോദര : ഇരുപത്തി രണ്ട് ദിവസത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം

പുതുവർഷത്തിലെ കന്നി പോരാട്ടത്തിന് ഇന്ത്യൻ ക്രിക്കറ്റ് ടീം ഇറങ്ങുന്നു. ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നടക്കും. വഡോദരയിൽ ഉച്ചയ്ക്ക് 1.30 മുതലാണ് പോരാട്ടം.

സൂപ്പർ താരങ്ങളായ രോഹിത് ശർമ്മയും വിരാട് കൊഹ്‌ലിയും ഇന്ത്യൻ ജേഴ്സിയിൽ തുടരുന്ന ഏക ഫോർമാറ്റാണിത്. അതിനാൽ തന്നെ ആവേശത്തോാടെയാണ് ആരാധകർ

ഏകദിന പരമ്പരയ്ക്കായി കാത്തിരിക്കുന്നത്. വിജയ് ഹസാരെ ട്രോഫിയിൽ തകർപ്പൻ ഫോമിൽ കളിച്ച ശേഷമാണ് സൂപ്പർ താരങ്ങൾ പലരും കിവി പരീക്ഷയ്ക്ക് ഇറങ്ങുന്നത്.

ടീം ന്യൂസ്

ഇന്ത്യ -

ക്യാപ്ടൻ സ്ഥാനം ഏറ്റെടുത്ത ശേഷം തുടക്കം മിന്നിച്ചെങ്കിലും പിന്നിട് നിറം മങ്ങിയ ശുഭ്മാൻ ഗില്ലിന് വിമർശകരുടെ വായടപ്പിക്കാർ ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പര നിർണായകമാണ്. പരിക്കിൽ നിന്ന് മോചിതനായ ഉപ നായകൻ ശ്രേയസ് അയ്യർ പരമ്പരയിൽ കളിക്കാനുള്ള ഫിറ്റ്നസ് തെളിയിച്ചാണ് ഇന്നിറങ്ങുന്നത്. ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ ഏകദിന ടീമിൽ തിരിച്ചെത്തിയ മുഹമ്മദ് സിറാജാകും പേസാക്രമണം നയിക്കുക.

സാധ്യതാ ടീം: ഗിൽ, രോഹിത്, വിരാട്, ശ്രേയസ്, രാഹുൽ, സുന്ദർ, ജഡേജ, ഹർഷിത് , കുൽദീപ്, അർഷ്ദീപ്, സിറാജ്.

ന്യൂസിലാൻഡ് -

ബ്രേസ് വെൽ നയിക്കുന്ന ന്യൂസിലാൻഡ് ടീമിലെ 15 പേരിൽ 8 പേരും ഇന്ത്യയിൽ കളിക്കാത്തവരാണ്. 2 പേരുടെ അന്താരാഷ്ട്ര അരങ്ങേറ്റം ഇതുവരെ കഴിഞ്ഞ കഴിഞ്ഞിട്ടില്ല. തമിഴ്നാട്ടിൽ നിന്നും ന്യൂസിലാൻഡിലേക്ക് കുടിയേറിയ കുടുംബത്തിൽ നിന്നുള്ള സ്പിന്നർ ആദിത്യ അശോക് ഇന്ന് കളിച്ചേക്കും.

സാധ്യതാ ടീം: ഡെവോൺ കോൺവെ , നിക് കെല്ലി, വിൽ യംഗ്, ഡാരിൽ മിച്ചൽ, ഹെൻറി നിക്കോളാസ് , ഗ്ലെൻ ഫിലിപ്പ്സ്, ബ്രേസ് വെൽ, സാക് ഫോൾക്നസ് ,

കെയ്ൽ ജാമീസൺ, മിഖായേൽ റെ, ആദിത്യ അശോക്.

നോട്ട് ദി പോയിൻ്റ്

2024ൽ സ്വന്തം നാട്ടിൽ ഇന്ത്യയുടെ തോൽവി അറിയാതെയുള്ള കുതിപ്പിന് അവസാനമിട്ടത് ന്യൂസിലാൻഡ് ആയിരുന്നു.

എന്നാൽ ഇന്ത്യയിൽ നടന്ന ഒരു ഏകദിന പരമ്പരയിൽ പോലും ഇന്ത്യയ്ക്ക് വിജയം നേടാനായിട്ടില്ല.

ലൈവ്

സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്ട് സ്റ്റാറിലും