മുൻ മിസോറം രഞ്ജി താരം മത്സരത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു
ഐസ്വാൾ : മുൻ മിസോറം രഞ്ജി ട്രോഫി താരം കെ. ലാൽറെംറുവാത്ത പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. 38 വയസായിരുന്നു. പക്ഷാഘാതത്തെ തുടർന്നാണ് താരത്തിന്റെ മരണമെന്നാണ് ഔദ്യോഗിക വിശദീകരണം.
വെങ്നുവായി റൈഡേഴ്‌സി ക്രിക്കറ്റ് ക്ലബിന്റെ താരമായ ലാൽറെംറുവാത്ത ക്രിക്കറ്റ് അസോസിയേഷൻ മിസോറം നടത്തുന്ന രണ്ടാം ഡിവിഷൻ ടൂർണമെന്റായ ഖാലിദ് മെമ്മോറിയൽ കപ്പിൽ ചാവൻപുയി സി.സിക്കെതിരെ കളിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. സായിരംഗ് റെയിൽവേ സ്റ്റേഷന് സമീപമുള്ള സൗക ക്രിക്കറ്റ് ഗ്രൗണ്ടിൽ വ്യാഴാഴ്‌ച രാവിലെയായിരുന്നു സംഭവം. ഉടൻ ലാൽറെംറുവാത്തയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിക്കറ്റ് കീപ്പർ ബാറ്ററായി 2018-22 കാലഘട്ടത്തിൽ മിസോറമിനായി രഞ്ജി ട്രോഫിയിൽ രണ്ട് മത്സരങ്ങളിലും സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ 7 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ഐസ്വാളിന് സമീപമുള്ള മൗബ്വാക് സ്വദേശിയായ ലാൽറെംറുവാത്ത മിസോറമിലെ പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റുകളിലെ മിന്നും താരമാണ്.