നടന്നത് ക്രൂര ബലാത്സംഗം; രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട എആർ ക്യാമ്പിൽ

Sunday 11 January 2026 6:44 AM IST

പത്തനംതിട്ട: ബലാത്സംഗ പരാതിയിൽ ഇന്ന് പുലർച്ചയോടെ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പാലക്കാട് നിന്ന് അറസ്റ്റ് ചെയ്ത രാഹുലിനെ പത്തനംതിട്ട എആർ ക്യാമ്പിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിന് ശേഷം ഇന്ന് തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. രാഹുൽ ക്രൂരമായി ബലാത്സംഗം ചെയ്‌തെന്നാണ് പുതിയ പരാതിയിൽ യുവതി പറയുന്നത്.

പുതിയ പരാതി കൂടി എത്തിയതോടെ രാഹുലിനെതിരെ മൂന്ന് ബലാത്സംഗ കേസുകളാണ് നിലവിലുള്ളത്. പാലക്കാട് ഫ്ളാറ്റ് വാങ്ങിത്തരണമെന്നും സാമ്പത്തികമായി ചൂഷണം ചെയ്‌തെന്നും പരാതിയിൽ വ്യക്തമാക്കുന്നു. തിരുവല്ലയിൽ വച്ചാണ് രാഹുൽ യുവതിയെ ബലാത്സംഗം ചെയ്തത് എന്നാണ് സൂചന. പുലർച്ചയോടെ പൊലീസ് നടത്തിയ നിർണായക നീക്കത്തിലൂടെയാണ് രാഹുലിനെ കസ്റ്റഡിയിൽ എടുത്തത്.

ഹോട്ടലിൽ എത്തിയ പൊലീസ് സംഘം റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു. ശേഷം മുറിയിൽ മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തി. തുടർന്ന് 12.15ഓടെ മുറിയിലെത്തി 12.30ഓടെ കസ്റ്റഡി നടപടി പൂർത്തിയാക്കുകയായിരുന്നു. ക്രൂരമായ ബലാൽസംഗവും, നിർബന്ധിത ഗർഭഛിദ്രവും, സാമ്പത്തിക ചൂഷണവുമടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ച് പത്തനംതിട്ട സ്വദേശിനി ഇമെയിൽ വഴി നൽകിയ പരാതിയിലാണ് രാഹുലിനെ പാലക്കാട്ടെ കെപിഎം റീജ്യൻസി ഹോട്ടലിൽ നിന്നും കസ്റ്റഡിയിലെടുത്തത്.