'രാഹുൽ സമീപിച്ചത് വിവാഹജീവിതത്തിൽ പ്രശ്നങ്ങൾ നേരിടുന്ന സമയത്ത്, ഗർഭിണിയായപ്പോൾ അധിക്ഷേപിച്ചു; തെളിവുണ്ട്'

Sunday 11 January 2026 7:19 AM IST

പത്തനംതിട്ട: വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ നേരിടുന്ന സമയത്താണ് രാഹുൽ മാങ്കൂട്ടത്തിൽ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടതെന്ന് അതിജീവിതയുടെ പരാതിയിൽ പറയുന്നു. പ്രണയ ബന്ധത്തിന് ശേഷം വിവാഹബന്ധം വേർപെടുത്താൻ ആവശ്യപ്പെട്ടു. രാഹുൽ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയെന്നും യുവതി അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ പറയുന്നു.

യുവതി ഗർഭിണിയായ ശേഷം ഡിഎൻഎ പരിശോധനയ്ക്ക് ഒരുങ്ങി. ഇതിന് വേണ്ടി രാഹുലിനോട് സാമ്പിൾ ആവശ്യപ്പെട്ടു. എന്നാൽ ഡിഎൻഎ പരിശോധനയ്ക്ക് രാഹുൽ മാങ്കൂട്ടത്തിൽ സഹകരിച്ചില്ല. ഇതിനുള്ള വ്യക്തമായ തെളിവുകൾ തന്റെ കൈവശമുണ്ടെന്ന് പരാതിക്കാരി അന്വേഷണ സംഘത്തിന് മൊഴി നൽകി.

'തന്നെ വിട്ട് പോകാതിരിക്കാൻ ഒരു കുഞ്ഞ് വേണം എന്ന് രാഹുൽ നിർബന്ധിച്ചു. വീട്ടിൽ വിവാഹത്തിന് സമ്മതിക്കണമെങ്കിൽ ഒരു കുഞ്ഞുവേണമെന്ന് രാഹുൽ പറഞ്ഞു. നേരിൽ കാണണമെന്ന് രാഹുൽ ആഗ്രഹം പ്രകടിപ്പിച്ചു. റെസ്റ്റോറന്റിൽ കാണണമെന്ന് പറഞ്ഞപ്പോൾ, എംഎൽഎയായതിനാൽ പൊതുയിടത്തിൽ കാണാനാകില്ലെന്ന് പറഞ്ഞു. ഹോട്ടലിന്റെ പേര് നിർദ്ദേശിച്ച്, അവിടെ റൂം ബുക്ക് ചെയ്യാൻ പറഞ്ഞു. മുറിയിൽ എത്തിയതിന് ശേഷം ഒരു വാക്ക് പോലും പറയുന്നതിന് മുമ്പ് കടന്നാക്രമിച്ചു. അന്ന് ക്രൂരമായ ലൈംഗിക ആക്രമണമാണ് നേരിട്ടത്.

തന്റെ മുഖത്ത് അടിച്ചതിന് ശേഷം തുപ്പുകയും പലയിടത്ത് മുറിവുണ്ടാക്കുകയും ചെയ്തു. ഓവുലേഷൻ ഡേറ്റ് ആണെന്ന് പറഞ്ഞിട്ടും കുഞ്ഞുണ്ടാകട്ടെ എന്ന് പറഞ്ഞ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. പിന്നീട് വീണ്ടും കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും പോയില്ല. താൻ ഗർഭിണിയാണെന്ന് അറിയിച്ചപ്പോൾ അസഭ്യം പറയുകയാണ് ചെയ്തത്. മാറ്റാരുടെയെങ്കിലും കുഞ്ഞാകുമെന്ന് പറഞ്ഞ് അധിക്ഷേപിച്ചു. ഇതേത്തുടർന്നാണ് ഡിഎൻഎ പരിശോധനയ്ക്ക് പോയത്. ഇതിന് ശേഷം രാഹുലിന്റെ ഭാഗത്ത് നിന്ന് ഗർഭഛിദ്രത്തിനുള്ള കടുത്ത സമ്മർദ്ദം ഉണ്ടായി. അപമാനവും ഭീഷണികളും തുടർന്നു. ഇതോടെ താൻ കടുത്ത മാനസിക സമ്മർദ്ദത്തിലായി'- യുവതി മൊഴിയിൽ വ്യക്തമാക്കി.

ഗർഭം അലസിയ വിവരം അറിയിക്കാൻ ശ്രമിച്ചപ്പോൾ രാഹുൽ തന്നെ ഫോണിലും ഇമെയിലിലും ബ്ലോക്ക് ചെയ്തുവെന്ന് യുവതി പറയുന്നു. തുടർന്ന് രാഹുലിന്റെ സുഹൃത്തും സഹായിയുമായ ഫെനി നൈനാനെയാണ് വിവരം അറിയിച്ചത്. ഈ സംഭവങ്ങൾ തന്നെ കടുത്ത ശാരീരികമാനസിക തളർച്ചയിലാക്കിയെന്നും അവർ വെളിപ്പെടുത്തി.

പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് ഒന്നുമറിയാത്ത ഭാവത്തിൽ രാഹുൽ വീണ്ടും ബന്ധപ്പെട്ടു. ഒരുമിച്ച് ജീവിക്കാമെന്നും പാലക്കാട് ഫ്ളാറ്റ് വാങ്ങി വിവാഹം കഴിച്ച് അവിടെ താമസിക്കാമെന്നും വാഗ്ദാനം നൽകി തന്നെ വീണ്ടും വൈകാരികമായി തളയ്ക്കാൻ ശ്രമിച്ചുവെന്ന് യുവതി ആരോപിക്കുന്നു.

ഫ്ളാറ്റ് വാങ്ങാനായി ബിൽടെക് ഗ്രൂപ്പിനെ സമീപിച്ചെങ്കിലും അത് നടന്നില്ല. എന്നാൽ പലപ്പോഴായി രാഹുൽ തന്നിൽ നിന്ന് സാമ്പത്തിക സഹായം കൈപ്പറ്റിയിട്ടുണ്ട്. വിലകൂടിയ വാച്ചുകൾ, വസ്ത്രങ്ങൾ, ചെരുപ്പുകൾ, സൗന്ദര്യ വർദ്ധക വസ്തുക്കൾ എന്നിവയെല്ലാം താൻ വാങ്ങി നൽകിയിരുന്നതായും പരാതിയിൽ പറയുന്നു.

രാഹുലിനെതിരെ മറ്റ് ലൈംഗികാതിക്രമ പരാതികൾ ഉയർന്നതോടെയാണ് തന്റെ അനുഭവങ്ങളിലും സത്യമുണ്ടെന്ന് യുവതി തിരിച്ചറിഞ്ഞത്. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ഉറപ്പായതോടെ രാഹുൽ തന്നെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി. അച്ഛനെയും അമ്മയെയും സഹോദരിയെയും അപായപ്പെടുത്തുമെന്ന ഭീഷണി നിലനിൽക്കുന്നതായും യുവതിയുടെ മൊഴിയിൽ വ്യക്തമാക്കുന്നു.