'ദെെവത്തിന് നന്ദി, നമ്മുടെ കുഞ്ഞ് സ്വർഗത്തിൽ നിന്ന് ഞങ്ങളോട് ക്ഷമിക്കട്ടെ'; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതികരിച്ച് ആദ്യ പരാതിക്കാരി
തിരുവനന്തപുരം: മൂന്നാമത്തെ ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതികരിച്ച് ആദ്യ പരാതിക്കാരി. ലോകം കേൾക്കാത്ത നിലവിളി ദെെവം കേട്ടുവെന്നും നന്ദിയുണ്ടെന്നും അവർ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
'പ്രിയപ്പെട്ട ദെെവമേ, ഇത്രയും വേദനയിലും ഞങ്ങൾക്ക് ധെെര്യം നൽകിയതിന് നന്ദി. ഇരുട്ടിൽ എന്താണ് നടന്നതെന്ന് നീ കണ്ടതാണ്. ലോക കേൾക്കാത്ത നിലവിളി നീ കേട്ടു. ഞങ്ങൾ ആക്രമിക്കപ്പെട്ടപ്പോഴും ഞങ്ങളുടെ കുഞ്ഞുങ്ങളെ ഞങ്ങളിൽ നിന്ന് ബലപ്രയോഗത്തിലൂടെ അകറ്റിയപ്പോഴും നീ താങ്ങായി നിന്നു. നമ്മുടെ മാലാഖ കുഞ്ഞുങ്ങൾ സ്വർഗത്തിൽ നിന്ന് ഞങ്ങളോട് ക്ഷമിക്കട്ടെ. പ്രത്യേകിച്ച് തെറ്റായ ഒരു പിതാവിനെ തിരഞ്ഞെടുത്തതിന്. ആക്രമണത്തിൽ നിന്നും ഭയത്തിൽ നിന്നും നീ നമ്മെ മുക്തമാക്കി. നമ്മുടെ കുഞ്ഞുങ്ങൾ, എന്റെ കണ്ണുനീർ സ്വർഗത്തിൽ എത്തിയാൽ അവരോട് ഒരു കാര്യം പറയട്ടെ.. അമ്മ ഒരിക്കലും നിന്നെ മറന്നിട്ടില്ല. നിന്നെ വീണ്ടും കണ്ടുമുട്ടുന്നത് വരെ ഹൃദയത്തിൽ കൊണ്ടുനടക്കും'- യുവതി കുറിച്ചു.
ഇന്ന് പുലർച്ചയോടെയാണ് ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായത്. പാലക്കാട് നിന്ന് കസ്റ്റഡിയിലെടുത്ത് പത്തനംതിട്ട എആർ ക്യാമ്പിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. രാഹുൽ ക്രൂരമായി ബലാത്സംഗം ചെയ്തെന്നാണ് പുതിയ പരാതിയിൽ യുവതി പറയുന്നത്.
പുതിയ പരാതി കൂടി എത്തിയതോടെ രാഹുലിനെതിരെ മൂന്ന് ബലാത്സംഗ കേസുകളാണ് നിലവിലുള്ളത്. പാലക്കാട് ഫ്ളാറ്റ് വാങ്ങിത്തരണമെന്നും സാമ്പത്തികമായി ചൂഷണം ചെയ്തെന്നും പരാതിയിൽ വ്യക്തമാക്കുന്നു. തിരുവല്ലയിൽ വച്ചാണ് രാഹുൽ യുവതിയെ ബലാത്സംഗം ചെയ്തത് എന്നാണ് സൂചന. പുലർച്ചയോടെ പൊലീസ് നടത്തിയ നിർണായക നീക്കത്തിലൂടെയാണ് രാഹുലിനെ കസ്റ്റഡിയിൽ എടുത്തത്. രാഹുലിനെ എആർ ക്യാമ്പിൽ ചോദ്യം ചെയ്യുന്നുണ്ട്. ജി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്.