'പെൺകുട്ടികൾക്കുനേരെ മനുഷ്യത്വരഹിതമായ പീഡനം ഉണ്ടായി,രാഹുൽ സാമ്പത്തിക തട്ടിപ്പും നടത്തി'; പൊലീസിനെ പ്രശംസിച്ച് വനിതാ കമ്മീഷൻ
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ലഭിച്ച മൂന്നാമത്ത ലൈംഗിക പീഡനപരാതിയിൽ പ്രതികരിച്ച് സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി. കോൺഗ്രസിന്റെ ഒരു ജനപ്രതിനിധിയാണ് പീഡന കേസിൽ അറസ്റ്റിലായതെന്നും പീഡനം മാത്രമല്ല സാമ്പത്തിക തട്ടിപ്പുമുണ്ടായിട്ടുണ്ടെന്നും സതീദേവി പറഞ്ഞു. 'രാഹുലിനെതിരെ നേരത്തെ വന്ന പരാതികൾ വനിതാ കമ്മീഷൻ പൊലീസിന് കൈമാറിയിരുന്നു. നിരവധി പേരാണ് പീഡനത്തിന് ഇരയായത്. നിരവധി പെൺകുട്ടികളുടെ നേർക്ക് മനുഷ്യത്വരഹിതമായ പീഡനം ഉണ്ടായി. പീഡനം മാത്രമല്ല, യുവതിയുടെ പണം പിടിച്ചുപറിക്കുകയും ചെയ്തു. ഒടുവിൽ പ്രതിയെ പൊലീസ് പിടികൂടിയെന്നാണ് കാണുന്നത്. സ്ത്രീകൾക്ക് കേരളത്തിൽ സുരക്ഷ ഉണ്ടെന്നാണ് വ്യക്തമാകുന്നത്'-സതീദേവി കൂട്ടിച്ചേർത്തു. രാഹുലിനെ അറസ്റ്റ് ചെയ്ത പൊലീസിനെയും സതീദേവി അഭിനന്ദിച്ചു.
രാഹുലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി. രാഹുൽ ചെയ്തത് നിഷ്ഠൂരമായ കാര്യമാണെന്നും എംഎൽഎ സ്ഥാനം രാജിവെയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒന്നും രണ്ടുമല്ല ഡസൺ കണക്കിന് പരാതികൾ വരുന്നു. ഇനിയെങ്കിലും എംഎൽഎ സ്ഥാനം മറയായി ഉപയോഗിക്കാതിരിക്കാൻ കോൺഗ്രസ് നടപടി സ്വീകരിക്കണം. കോൺഗ്രസ് തന്നെയാണ് ഉത്തരവാദിത്വം ഏൽക്കേണ്ടതെന്നും സർക്കാർ ചെയ്യേണ്ടതെല്ലാം ചെയ്തുവെന്നും മന്ത്രി വ്യക്തമാക്കി.
പാലക്കാട് കെപിഎം ഹോട്ടലിൽ നിന്ന് ഇന്നലെ രാത്രി 12.30ഓടെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇ മെയിൽ വഴി ലഭിച്ച പുതിയ പരാതിയിൽ എടുത്ത കേസിലാണ് എംഎൽഎയെ അറസ്റ്റ് ചെയ്തത്. ഗർഭച്ഛിദ്രവും ബലാത്സംഗവും ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. സ്ത്രീയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. രാഹുലിനെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതി പരാതിയിൽ ആരോപിച്ചിരിക്കുന്നത്.