'എത്ര സ്വാധീനമുള്ള വ്യക്തിയായാലും കുറ്റം ചെയ്താൽ നിയമത്തിന് മുന്നിൽ കൊണ്ടുവരും, നടപടിയിൽ കേരളം മാതൃക'
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് സംസ്ഥാന സർക്കാരിന്റെ മുഖം നോക്കാതെയുള്ള നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എത്ര സ്വാധീനമുള്ള വ്യക്തിയായാലും കുറ്റം ചെയ്താൽ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
വികസന കാര്യത്തിൽ എന്നപോലെ കുറ്റവാളികളെ പിടികൂടുന്നതിലും കേരളം രാജ്യത്തിന് മാതൃകയാണ്. കഴിഞ്ഞ ഒമ്പത് വർഷമായി സർക്കാർ പിന്തുടരുന്നത് ഇതേ നയമാണെന്നും മന്ത്രി വ്യക്തമാക്കി. രാഹുലിനെതിരെയുള്ള കോൺഗ്രസിന്റെ നടപടി വെറും പ്രഹസനമാണെന്നും ഉന്നത നേതൃത്വവും രാഹുലും തമ്മിലുള്ള ധാരണയുടെ പുറത്താണ് നടപടിയെന്നും അദ്ദേഹം ആരോപിച്ചു. നടപടിയെടുത്തെന്ന് പറയുമ്പോഴും എന്ത് നടപടി രാഹുലിനെതിരെ സ്വീകരിച്ചതെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗൗരവകരമായ വിവരങ്ങളാണ് രാഹുലിനെതിരെ പുതിയ കേസുകളിൽ നിന്നും പുറത്തുവരുന്നത് . യുവതിയുടെ ആഡംബര വാച്ച് കൈക്കലാക്കിയതും, ഫ്ളാറ്റ് വാങ്ങാൻ നിർബന്ധിച്ചതും അടക്കമുള്ള കാര്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നിയമത്തെ വെല്ലുവിളിക്കാൻ രാഹുലിന് പിന്തുണ നൽകുന്നത് കോൺഗ്രസാണ്. രാഹുലിനെ ഭയക്കുന്നത് കൊണ്ടാണ് കോൺഗ്രസ് നേതൃത്വം കർശന നടപടി സ്വീകരിക്കാത്തതെന്നും മന്ത്രി പരിഹസിച്ചു. സർക്കാർ വിട്ടുവീഴ്ചയില്ലാത്ത നടപടിയുമായി മന്നോട്ട് പോകുമ്പോൾ കോൺഗ്രസ് മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്നും വി ശിവൻകുട്ടി കുറ്റപ്പെടുത്തി.