'ഇപ്പോൾ ക്രൂരകൃത്യങ്ങൾ മറനീക്കി പുറത്തുവന്നിരിക്കുന്നു, രാഹുൽ മാങ്കൂട്ടത്തിൽ രാജിവയ്ക്കണം'; കെ കെ ശൈലജ

Sunday 11 January 2026 11:00 AM IST

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ കെ കെ ശൈലജ. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് കെ കെ ശെെലജയുടെ പ്രതികരണം. മൂന്നാമത്തെ ബലാത്സംഗ പരാതിയിൽ ഇന്ന് പുലർച്ച രാഹുലിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ശെെലജയുടെ പ്രതികരണം. രാഹുലിനോട് രാജിവയ്ക്കാൻ കോൺഗ്രസ് ആവശ്യപ്പെടണമെന്നും അതിക്രമങ്ങൾക്ക് വിധേയരായ പെൺകുട്ടികൾക്ക് നിതീ ലഭിക്കണമെന്നും അവർ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം

രാഹുൽ മാങ്കൂട്ടത്തിലിനെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി പെൺകുട്ടികളെയാണ് അതിക്രൂരമായി ഇയാൾ പീഡിപ്പിച്ചത്. പരാതി പറയുന്നവരെ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു എന്നാണ് അറിഞ്ഞത്. കോൺഗ്രസ് നേതാക്കളിൽ പലർക്കും അതറിയാമായിരുന്നിട്ടും അവർ ഇടപെട്ടില്ല എന്നാണറിയുന്നത്.

എതിർ പാർട്ടികളിൽപെട്ടവർക്കെതിരെ നുണപ്രചാരണം നടത്തുന്ന ടീമിലെ അംഗം എന്ന നിലയിൽ അയാൾ സംരക്ഷിക്കപ്പെടുകയായിരുന്നു. ഇപ്പോൾ ക്രൂരകൃത്യങ്ങൾ മറനീക്കി പുറത്തുവന്നിരിക്കുന്നു. കോൺഗ്രസ്സ് ചിഹ്നത്തിൽ മത്സരിച്ച് എംഎൽഎയായ മാങ്കുട്ടത്തിലിനോട് ആ സ്ഥാനം രാജി വെക്കാൻ കോൺഗ്രസ് ആവശ്യപ്പെടണം. അതിക്രമങ്ങൾക്ക് വിധേയരായ പെൺകുട്ടികൾക്ക് നീതി ലഭിക്കണം. അവർക്ക് സമൂഹത്തിന്റെ പിന്തുണ ഉണ്ടായിരിക്കും.