തൊടുപുഴയിൽ കാർ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു; കെഎസ്ആർടിസി ജീവനക്കാരന് ദാരുണാന്ത്യം
തൊടുപുഴ: ഇടുക്കി മുട്ടത്തിന് സമീപം നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ കെഎസ്ആർടിസി ജീവനക്കാരൻ മരിച്ചു. മലങ്കര മ്രാല സ്വദേശി കളപ്പുരക്കൽ സജീവ് (52) ആണ് മരിച്ചത്. അടൂർ കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരനാണ് ഇദ്ദേഹം. ഇന്ന് പുലർച്ചെ 3.30ഓടെയാണ് അപകടം നടന്നത്.
പെരുമറ്റം-തെക്കുഭാഗം റോഡിൽ വച്ചാണ് സജീവ് സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. റോഡരികിലെ വൈദ്യുതി പോസ്റ്റിലിടിച്ച കാർ തലകീഴായി മറിയുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ സജീവിനെ ഉടനടി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മ്രാല പോസ്റ്റ് ഓഫീസിന് സമീപമാണ് സജീവും കുടുംബവും താമസിക്കുന്നത്. മുട്ടം ടൗണിൽ കെകെ മെഡിക്കൽസ് നടത്തുന്ന പ്രീതിയാണ് ഭാര്യ. ഇവർക്ക് രണ്ട് മക്കളുണ്ട്.