കൊടും തണുപ്പ് മലയാളികൾക്ക് വില്ലനാകുന്നു, വരുത്തിവയ്ക്കുന്നത് വലിയ സാമ്പത്തിക നഷ്ടം

Sunday 11 January 2026 11:33 AM IST

ഇടുക്കി: ഹൈറേഞ്ചിൽ തണുപ്പ് ആസ്വദിക്കാൻ കൂടുതൽ സഞ്ചാരികളെത്തുന്നത് വിനോദസഞ്ചാരമേഖലയ്ക്ക് നേട്ടമാണെങ്കിലും ശൈത്യം അതിശക്തമായത് നാണ്യവിളകൾക്ക് തിരിച്ചടിയായി. തേയില, ഏലം, കാപ്പി തുടങ്ങിയ കൃഷികളെയാണ് കനത്ത മഞ്ഞു വീഴ്ച കൂടുതലും ബാധിച്ചിരിക്കുന്നത്. തണുപ്പ് വർദ്ധിക്കുന്നതോടെ തോട്ടങ്ങളിൽ രൂപപ്പെടുന്ന ഐസ് പാളികൾ പിന്നീട് വെയിലേറ്റ് ഉരുകുമ്പോൾ കൃഷി ചെടികൾ ഉണങ്ങി നശിക്കും. ഇത് തോട്ടങ്ങൾക്ക് വലിയ നഷ്ടമാണുണ്ടാക്കുന്നത്.

കനത്ത മഞ്ഞുവീഴ്ച മൂലം മൂന്നാറിലെ പ്രമുഖ തേയില ഉത്പാദകരായ കണ്ണൻദേവൻ കമ്പനിയുടെ 100 ഹെക്ടർ ഹെക്ടറിലേറെ സ്ഥലത്തെ തേയിലച്ചെടികളാണ് കരിഞ്ഞുണങ്ങിയത്. അതിശൈത്യം ആരംഭിച്ച ശേഷം കഴിഞ്ഞ നാലു ദിവസമായുണ്ടായ മഞ്ഞുവീഴ്ചയിലാണ് ഇത്രയും തേയിലച്ചെടികൾ കരിഞ്ഞത്. സൈലന്റ്‌വാലി, ചെണ്ടുവര, കന്നിമല, ലക്ഷ്മി, നല്ല തണ്ണി തുടങ്ങിയ എസ്റ്റേറ്റുകളിലാണ് ഏറ്റവുമധികം തേയിലച്ചെടികൾ ഉണങ്ങിയത്. രാത്രിയിലും അതിരാവിലെയുമുണ്ടാകുന്ന മഞ്ഞു വീഴ്ചയെ തുടർന്ന് ഇലകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞു കണങ്ങൾ രാവിലത്തെ കനത്ത ചൂടിൽ ബാഷ്പീകരിച്ചു പോകും. ഇതോടൊപ്പം കൊളുന്തും ഇലകളും ചെടികളും കരിയും. ശൈത്യകാലം മാറി ആവശ്യത്തിന് മഴ ലഭിച്ചാൽ മാത്രമേ തേയിലച്ചെടികൾ പിന്നീട് വളർന്ന് കൊളുന്ത് ലഭിക്കൂ.

ഹാരിസൺ, തലയാർ, കൊളുക്കുമല തുടങ്ങിയ എസ്റ്റേറ്റുകളിലും ഹെക്ടർ കണക്കിന് സ്ഥലത്തെ തേയിലച്ചെടികൾ മഞ്ഞുവീഴ്ച മൂലം കരിഞ്ഞിട്ടുണ്ട്. എച്ച്എംഎല്ലിന്റെ 131 ഹെക്ടർ തേയിലക്കൃഷി നശിച്ചതായി കമ്പനിയധികൃതർ പറഞ്ഞു. ലോക്ക്ഹാർട് എസ്റ്റേറ്റിൽ 30 ഏക്കറിലധികം തേയില നശിച്ചു. മുൻവർഷങ്ങളിൽ ഇത്തരം കൃഷിനാശം, തേയിലവില ഉയരുന്നതിന് കാരണമായിരുന്നു. മഞ്ഞുവീഴ്ചയുള്ള സമയങ്ങളിൽ അതിരാവിലെ ജോലിക്കത്തുന്നതിന് തൊഴിലാളികൾക്ക് സാധിക്കാറില്ല. ഇത് അവരുടെ വരുമാനത്തെയും ബാധിക്കും. രണ്ടായിരത്തിലധികം ചെറുകിട തേയില കർഷകരാണ് ജില്ലയിലുള്ളത്. ഇവരുടെ ഉപജീവന മാർഗവും കൊളുന്ത് വില്പനയാണ്. അതിശൈത്യം പച്ചക്കറി കൃഷിയെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.

മഞ്ഞിലലിഞ്ഞ് ഏലവും കാപ്പിയും

മഞ്ഞുവീഴ്ചയിൽ ഏലത്തിന്റെ തളിർത്ത നാമ്പുകൾ പോലും നശിക്കുന്ന അവസ്ഥയിലാണ്. തോട്ടങ്ങളിൽ പൂർണമായി വളപ്രയോഗം നടത്തിയിട്ടും കാലാവസ്ഥ മാറ്റം മൂലം പ്രതീക്ഷിച്ച ഫലം ഉണ്ടായിട്ടില്ല. ദിവസങ്ങൾക്കുള്ളിൽ ഒരു പ്രദേശത്തെ ചെടിയൊട്ടാകെ നശിച്ചുപോകുന്ന സ്ഥിതിയാണ്. കാപ്പികുരുവിന്റെ വിളവെടുപ്പ് സീസൺ ആരംഭിച്ചെങ്കിലും ഉത്പാദനം കുറഞ്ഞത് കർഷകരെ നിരാശയിലാക്കിയിട്ടുണ്ട്. പൂവിട്ട ശിഖിരങ്ങൾ പോലും മഞ്ഞുവീഴ്ച മൂലം നശിച്ചു. ഉത്പാദനം ഗണ്യമായി കുറഞ്ഞു.

വാങ്ങാനാളില്ലാത്തതിനാൽ വിളവെടുത്ത തേയില കൊളുന്ത് ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. ഗുണനിലവാരമനുസരിച്ചാണ് ഫാക്ടറികൾ വില നിശ്ചയിക്കുന്നത്.

കെ. ശേഖരൻ

ചെറുകിട തേയില കർഷകൻ