'അയോഗ്യതാ നടപടിക്ക് നിയമോപദേശം തേടും', രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടിക്കൊരുങ്ങി നിയമസഭ

Sunday 11 January 2026 12:17 PM IST

തിരുവനന്തപുരം: മൂന്നാമത്തെ ലൈംഗിക പീ‌ഡനപരാതിയിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കർശന നടപടിക്കൊരുങ്ങി നിയമസഭ. രാഹുൽ വിഷയം എത്തിക്സ് ആന്റ് പ്രിവില്ലേജസ് കമ്മിറ്റി പരിശോധിക്കുമെന്ന് സ്പീക്കർ എ എൻ ഷംസീർ ഇന്ന് രാവിലെ മാദ്ധ്യമങ്ങളോട് പറഞ്ഞു. അയോഗ്യത നടപടിക്ക് നിയമോപദേശം തേടുമെന്നും തുടർച്ചയായി പരാതികൾ വരുന്ന സാഹചര്യത്തിൽ രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശം നൽകുന്നതാണെന്നും അദ്ദഹം വ്യക്തമാക്കി.

തിരുവല്ല സ്വദശിനിയാണ് രാഹുലിനെതിരെ പീഡന പരാതി നൽകിയിരിക്കുന്നത്. ഇന്ന് പുലർച്ചയോടെ അറസ്റ്റിലായ രാഹുലിനെ ആറര മണിക്കൂർ നേരം ചോദ്യം ചെയ്ത ശേഷമാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കായി എത്തിച്ചത്. രാഹുലിനെതിരെ ഇതുവരെ രജിസ്റ്റർ ചെയ്ത മൂന്നുകേസുകളിലും സമാന സ്വഭാവമാണുള്ളതെന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്. ഒരേരീതിയിൽ യുവതികളുമായി അടുപ്പം സ്ഥാപിക്കുകയും കുഞ്ഞുവേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്നാണ് പരാതികളിൽ പറയുന്നത്. രണ്ടാമത്തെ കേസിലൊഴികെ ബാക്കി രണ്ട് കേസുകളിലും ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്ന ആരോപണവും ഉണ്ട്.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചിട്ടില്ല. രാഹുലിന്റെ രാജി ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് രാഹുൽ പാർട്ടിയിൽ ഇല്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാഹുലിന് സംരക്ഷണം ഒരുക്കുന്നുവെന്ന് എൽഡിഎഫിന് പറയാമല്ലോയെന്നും സത്യം അതൊന്നുമല്ലെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യത്തിൽ കോൺഗ്രസ് ഉചിതമായ നടപടി സ്വീകരിച്ചെന്നും ഇനി കോൺഗ്രസ് മറുപടി പറയേണ്ട കാര്യമില്ലെന്നുമാണ് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞത്. രാഹുലിന്റേത് ഇപ്പോൾ വ്യക്തിപരമായ വിഷയം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.