'നിസ്സഹായമായ, ശബ്ദരഹിതമായ നിലവിളിയാണ്...ഹൃദയഭേദകം'; അതിജീവിതയ്ക്ക് പിന്തുണയുമായി വീണ ജോർജ്
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ കേസിലെ അതിജീവിതയുടെ കുറിപ്പ് പങ്കുവച്ച് മന്ത്രി വീണ ജോർജ്. ലോകം കേൾക്കാത്ത നിലവിളി ദൈവം കേട്ടുവെന്നും നന്ദിയുണ്ടെന്നുമാണ് അതിജീവിത സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഈ വൈകാരികമായ കുറിപ്പാണ് മന്ത്രിയും പങ്കുവച്ചത്. ഒരു മണിക്കൂർ മുൻപ് പോസ്റ്റ് ചെയ്യപ്പെട്ട ഒരു കുറിപ്പ് വായിച്ചു. അതൊരു നിലവിളിയാണെന്ന് മന്ത്രി കുറിച്ചു. വീണ ജോർജ് പങ്കുവച്ച കുറിപ്പ് ഒരു മണിക്കൂർ മുൻപ് പോസ്റ്റ് ചെയ്യപ്പെട്ട ഒരു കുറിപ്പ് വായിച്ചു . അതൊരു നിലവിളിയാണ് . നിസ്സഹായമായ ,ശബ്ദരഹിതമായ ആ നിലവിളി അനേകരുടെ ശബ്ദത്തിലൂടെ പ്രതിധ്വനിക്കട്ടെ. 'സ്വർഗത്തിൽ നിന്ന് മാലാഖകുഞ്ഞുങ്ങൾ ഞങ്ങൾക്ക് മാപ്പ് നൽകട്ടെ . അവരുടെ ആത്മാക്കൾ സമാധാനമായിരിക്കട്ടെ. ആക്രമണങ്ങളിൽ നിന്നും ഭീതിയിൽ നിന്നും സ്വതന്ത്രരായി ; സംരക്ഷിക്കാൻ കഴിയാതെ പോയ ലോകത്തിൽ നിന്നും സ്വതന്ത്രരായി ; ഞങ്ങളുടെ കണ്ണീർ സ്വർഗത്തിൽ എത്തുമെങ്കിൽ ,പ്രിയപ്പെട്ട കുഞ്ഞുങ്ങളെ , അവ നിങ്ങളോടു പറയട്ടെ ….. ഇനി നമ്മൾ കാണും വരെ നിങ്ങളെ ഞങ്ങൾ ഞങ്ങളുടെ ഹൃദയത്തിൽ പേറും.' ഹൃദയഭേദകം!
ഇന്ന് പുലർച്ചയോടെയാണ് ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായത്. പാലക്കാട് നിന്ന് കസ്റ്റഡിയിലെടുത്ത് പത്തനംതിട്ട എആർ ക്യാമ്പിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. രാഹുൽ ക്രൂരമായി ബലാത്സംഗം ചെയ്‌തെന്നാണ് പുതിയ പരാതിയിൽ യുവതി പറയുന്നത്. പുതിയ പരാതി കൂടി എത്തിയതോടെ രാഹുലിനെതിരെ മൂന്ന് ബലാത്സംഗ കേസുകളാണ് നിലവിലുള്ളത്.