'ഇനിയും അതിജീവിതകളുണ്ട്, ധൈര്യമായി മുന്നോട്ടുവരട്ടെ'; രാഹുലിനെതിരെ പരാതി നൽകിയ യുവതിക്ക് അഭിനന്ദനങ്ങളുമായി റിനി
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ മൂന്നാമത്തെ ലൈംഗിക പീഡനപരാതിയിൽ പ്രതികരിച്ച് നടി റിനി ആൻ ജോർജ്. കേസ് രാഷ്ട്രീയപ്രേരിതമല്ലെന്നും ഇനിയും അതിജീവിതകളുണ്ടെന്നും നടി വ്യക്തമാക്കി. രാഹുൽ അധികാര സ്ഥാനത്ത് തുടരരുതെന്നും പരാതിക്കാരിക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും റിനി ഇന്ന് ഉച്ചയ്ക്ക് മാദ്ധ്യമങ്ങളോട് പറഞ്ഞു.
'ഇത്രയധികം സൈബർ അറ്റാക്ക് നേരിടുന്ന വിഷയമായിട്ടും ധൈര്യത്തോടെ മുന്നോട്ട് വന്നതിൽ പെൺകുട്ടിക്ക് അഭിനന്ദനം അറിയിക്കുന്നു. രാഷ്ട്രീയ പ്രേരിതമായ കേസല്ലെന്ന് ആദ്യം തന്നെ പറഞ്ഞിരുന്നു. മൂന്നാമത്തെ പരാതി വന്നിരിക്കുന്ന സാഹചര്യം നമുക്കറിയാം. ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടിരിക്കുന്ന വ്യക്തിയാണ്.
സ്ത്രീകൾ അവരുടെ പ്രശ്നങ്ങൾ പൊതുമദ്ധ്യത്തിൽ ഉന്നയിച്ച വിഷയം കൂടിയാണിത്. ഒന്നോ രണ്ടോ മൂന്നോ അതിജീവിതകൾ മാത്രമല്ല, ഇനിയും അതിജീവിതകളുണ്ട്, അവർ ധൈര്യപൂർവം മുന്നോട്ട് വരണം. ഇനിയും മറഞ്ഞിരിക്കരുത്. നിങ്ങളുടെ നീതി നിങ്ങൾ തന്നെ കണ്ടെത്തണം. ജനങ്ങൾ വിശ്വസിക്കുന്ന ആളുകൾ അധികാര സ്ഥാനങ്ങളിലിരുന്ന് എന്താണ് ചെയ്യുന്നതെന്ന് നമ്മൾ ചിന്തിക്കണം. ഇത്തരത്തിലുള്ളവർ എംഎൽഎ സ്ഥാനങ്ങളിൽ ഇരിക്കാൻ യോഗ്യരാണോ എന്ന കാര്യം പ്രബുദ്ധ സമൂഹം ആലോചിക്കേണ്ടിയിരിക്കുന്നു'- റിനി പറഞ്ഞു.
അതേസമയം, മൂന്നാമത്തെ ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ രാഹുലിനെ റിമാൻഡ് ചെയ്തിരിക്കുകയാണ്. വൈദ്യപരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ ശേഷമാണ് റിമാൻഡ് ചെയ്തത്. 14 ദിവസത്തേക്കാണ് പത്തനംതിട്ടാ ജില്ലാ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിരിക്കുന്നത്. മാവേലിക്കര സ്പെഷ്യൽ ജയിലിലേക്കാണ് മാറ്റുന്നത്.