മലയാളികളുടെ പ്രിയപ്പെട്ട മത്സ്യങ്ങൾക്ക് ലണ്ടനിലും ആവശ്യക്കാർ ഏറെ; ബ്രിട്ടീഷുകാർക്ക് ഇനി ഇവരെ മതി

Sunday 11 January 2026 3:21 PM IST

ലണ്ടൻ: മലയാളികളുടെ തീൻമേശയിൽ ഒഴിച്ചുകൂടാനാവാത്തതാണ് മത്തിയും അയലയും ചാളയുമൊക്കെയുൾപ്പെട്ട വിഭവങ്ങൾ. ഇപ്പോഴിതാ നമ്മുടെ നാട്ടിലെ സാധാരണക്കാർക്ക് ഏറെ പ്രിയപ്പെട്ട ഈ ചെറു മത്സ്യങ്ങളിലേക്ക് ബ്രിട്ടീഷുകാരും ചുവടുമാറ്റുന്നു എന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. കാലങ്ങളായി തങ്ങൾ കഴിച്ചുകൊണ്ടിരുന്ന കോഡ്, സാൽമൺ തുടങ്ങിയ വലിയ മത്സ്യങ്ങളെക്കാൾ പോഷകഗുണമുള്ളതും പ്രാദേശികമായി ലഭിക്കുന്നതുമായ ചെറു മത്സ്യങ്ങളോടാണ് ഇനിയങ്ങോട്ട് ബ്രിട്ടീഷ് ജനതയ്ക്ക് താല്പര്യം വർദ്ധിക്കുന്നത്.

ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ബ്രിട്ടനിലെ ഭക്ഷണശീലങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള സൂചനകൾ പുറത്തുവന്നത്. രാജ്യത്തെ 40ശതമാനത്തിലധികം ആളുകൾ തങ്ങൾ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത പുതിയ തരം മത്സ്യങ്ങൾ കഴിച്ചുനോക്കാൻ താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് സർവ്വേയിൽ വ്യക്തമാക്കുന്നത്.

മത്തി, ചാള, അയല, ചെറുമത്തി തുടങ്ങിയ പ്രാദേശിക ഇനങ്ങൾ ബ്രിട്ടനിലെ ലോക്കൽസൂപ്പർ മാർക്കറ്റുകളിലേക്കും തീൻമേശകളിലും എത്തും. ഒമേഗ-3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഡി, റെറ്റിനോൾ എന്നിവയാൽ സമ്പന്നമാണ് ഈ ചെറു മത്സ്യങ്ങളെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

ബ്രിട്ടൻ ഒരു ദ്വീപ് രാഷ്ട്രമാണെങ്കിലും, നിലവിൽ ഇവിടെ ഉപയോഗിക്കുന്ന സമുദ്രവിഭവങ്ങളുടെ 90ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. കോഡ്, ഹാഡോക്ക്, സാൽമൺ, ട്യൂണ, ചെമ്മീൻ എന്നീ അഞ്ച് ഇനങ്ങളാണ് പ്രധാനമായും ബ്രിട്ടീഷുകാർ കഴിക്കുന്നത്. എന്നാൽ ഇവയോടുള്ള അമിത ആശ്രിതത്വം രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെയും പരിസ്ഥിതിയെയും ദോഷകരമായി ബാധിക്കുന്നുവെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

ബ്രിട്ടനിലെ 58ശതമാനം ആളുകൾ ഇതുവരെ ചെറുമത്തി കഴിച്ചു നോക്കിയിട്ടില്ല. 28ശതമാനം പേർ ചാളയും 23ശതമാനം പേർ കടൽ മത്തിയും രുചിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ 44ശതമാനം പേർ കടൽ മത്തി പരീക്ഷിക്കാൻ തയ്യാറാണെന്ന് അറിയിച്ചു. സൂപ്പർ മാർക്കറ്റുകൾ ഇത്തരം പ്രാദേശിക മത്സ്യങ്ങൾക്ക് പ്രചാരണം നൽകുകയും വിലക്കിഴിവ് പ്രഖ്യാപിക്കുകയും ചെയ്താൽ ആളുകൾ ഈ മാറ്റത്തെ പെട്ടെന്ന് ഉൾക്കൊള്ളുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ബ്രിട്ടനിലെ കടൽ വിഭവങ്ങളുടെ പഴയ പെരുമ വീണ്ടും ജനങ്ങൾക്കിടയിലേക്ക് എത്തിക്കാൻ പുതിയ മാറ്റം സഹായിക്കുമെന്നാണ് മറൈൻ ബയോളജിക്കൽ അസോസിയേഷനിലെ വിദഗ്ദ്ധർ പറയുന്നത്.