ആദ്യമായി കടൽ കണ്ടാൽ എങ്ങനെയുണ്ടാകും?; വൃദ്ധദമ്പതികളുടെ ദൃശ്യങ്ങൾ പങ്കുവച്ച് ചെറുമകൾ
മനസിനെ ശാന്തമാക്കാനും ബലപ്പെടുത്താനും യാത്രകൾ സഹായിക്കുമെന്ന് പലരും പറയാറുണ്ട്. യാത്രകൾ എല്ലായ്‌പ്പോഴും കിലോമീറ്ററുകൾ പിന്നിടുന്നതോ അനേക ദിവസങ്ങൾ വേണ്ടി വരുന്നതോ ആയിരിക്കണമെന്നില്ല. ഏറ്റവും ലളിതമായ യാത്രകൾ പോലും എത്രത്തോളം വൈകാരികമായ അനുഭവങ്ങൾ പകർന്നു നൽകുന്നുവെന്നതിന് തെളിവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോ.
മുംബയ് നിവാസിയായ ദിവ്യ എന്ന യുവതി അടുത്തിടെ തന്റെ മുത്തശ്ശിയെയും മുത്തശ്ശനെയും ആദ്യമായി കടൽ കാണാൻ കൊണ്ടുപോയി. പതിറ്റാണ്ടുകളായി കേട്ടുകേൾവി മാത്രമുള്ള കടലിനെ അവർ നേരിട്ടറിയുന്നതിന്റെ ദൃശ്യങ്ങൾ യുവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. തിരമാലകൾ തങ്ങളെ തൊട്ടുതഴുകുമ്പോൾ ഇരുവരും പുഞ്ചിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പരസ്‌പരം കൈകൾ കോർത്തുപിടിച്ച് കടലിന്റെ ഭംഗി ആവോളം ആസ്വദിക്കുന്ന വൃദ്ധദമ്പതികളുടെ സന്തോഷം കാഴ്‌ചക്കാരിലും ആനന്ദം പകർന്നു.
'ആ നിമിഷം അവധിദിവസത്തിൽ കടൽ കാഴ്‌ചകാണാൻ വന്നവരുടേതല്ല . വളരെക്കാലമായി മനസ്സിൽ കൊണ്ടുനടന്ന ഒരാഗ്രഹം നിറവേറ്റുന്നതിന്റേതാണ്. സ്വന്തം കണ്ണുകളാൽ ആദ്യമായത് അനുഭവിച്ചറിയുകയാണവർ. ചില നിമിഷങ്ങൾ എന്നെന്നേക്കുമായി ഹൃദയത്തിൽ തങ്ങിനിൽക്കുന്നു' ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയ്‌ക്ക് താഴെ ദിവ്യ കുറിച്ചു.
വൃദ്ധദമ്പതികൾ അവരുടെ ജീവിതത്തിന്റെ ഭൂരിഭാഗവും ഇന്ത്യയുടെ തീരപ്രദേശങ്ങളിൽ നിന്ന് വളരെ അകലെയുള്ള ഒരു ഗ്രാമത്തിലായിരുന്നു ചെലവഴിച്ചത്. യാത്ര, വിനോദം അല്ലെങ്കിൽ കടൽകാഴ്‌ചകൾ കാണാനുള്ള യാത്രകൾ തുടങ്ങിയ അനുഭവങ്ങൾ ഒരിക്കലും അവരുടെ മുൻഗണനയിലുണ്ടായിരുന്നില്ല. ഉത്തരവാദിത്തം, കഠിനാധ്വാനം, കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം എന്നിങ്ങനെയുള്ള ഘടകങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു അവരുടെ ജീവിതം. പഴയ തലമുറയ്‌ക്ക് ഓരോ കാര്യങ്ങളും എത്രത്തോളം അപ്രാപ്യമായിരുന്നെന്നും പുതിയ തലമുറ എത്ര എളുപ്പത്തിലാണ് ഓരോ കാര്യങ്ങളും നേടിയെടുക്കുന്നതെന്ന ചർച്ചകളിലേക്കും ദൃശ്യങ്ങൾ വഴിതുറന്നു.