'കേരളത്തിൽ ബിജെപി എംഎൽഎമാരുണ്ടായിരുന്നുവെങ്കിൽ ശബരിമലയിൽ സ്വർണക്കൊള്ള സംഭവിക്കില്ല'
കൊച്ചി: കേരളത്തിൽ ബിജെപിയുടെ എംഎൽഎമാരുണ്ടായിരുന്നുവെങ്കിൽ ശബരിമല സ്വർണക്കൊള്ള ഒരിക്കലും സംഭവിക്കില്ലായിരുന്നുവെന്ന് ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. സംസ്ഥാനത്ത് ബിജെപി കുറച്ചുകൂടി മുൻപ് ഭരണത്തിൽ വന്നിരുന്നുവെങ്കിൽ ഒരുപാട് മാറ്റങ്ങൾ സംഭവിക്കുമായിരുന്നുവെന്ന് ഇപ്പോൾ ജനങ്ങൾക്ക് തോന്നലുണ്ടെന്ന് അവർ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളെക്കുറിച്ചും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ പങ്കുവച്ചത്. ശബരിമല സ്വർണക്കൊള്ളയിൽ കോൺഗ്രസുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങളെക്കുറിച്ചും ശോഭാ സുരേന്ദ്രൻ സംസാരിച്ചു.
'ശബരിമല സ്വർണക്കൊള്ളയിൽ ബിജെപി ചോദിച്ച പല ചോദ്യങ്ങൾക്കും കോൺഗ്രസ് ഇതുവരെ മറുപടി നൽകിയിട്ടില്ല. എല്ലാ കാര്യത്തിലും അഭിപ്രായം പറയുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. കോൺഗ്രസ് നേതാവ് അടൂർ പ്രകാശ് കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം എന്തിനാണ് മുതിർന്ന നേതാവ് സോണിയാ ഗാന്ധിയെ പോയി കണ്ടത്? എന്താണ് സോണിയ ഗാന്ധിയുടെ കൈയില്‍ കെട്ടിക്കൊടുത്തതെന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടിയില്ല. മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എസ്ഐടിയോട് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അത് സതീശനറിയില്ലേ? ഈ കേസില്‍ കോണ്‍ഗ്രസിന് പങ്കാളിത്തമില്ലെങ്കില്‍ എന്തുകൊണ്ടാണ് അവര്‍ ഇതിന് മറുപടി പറയാത്തത്. ഇക്കാര്യങ്ങള്‍ കേരളം ചര്‍ച്ച ചെയ്യും.
ശബരിമലയിലെ സ്വർണ കട്ടിളപ്പാളി രാജ്യാന്തര കള്ളൻമാർക്ക് വിറ്റോ? അന്താരാഷ്ട്ര ബന്ധങ്ങളുള്ള കേസില്‍ സിബിഐ വരണമെങ്കില്‍ മുഖ്യമന്ത്രി അതിന് തയ്യാറാകണം. അല്ലെങ്കില്‍ കോടതി പറയണം. പൊലീസിനെയും അധികാരവും ഉപയോഗിച്ച് ഒരു വിശ്വാസവുമില്ലാത്ത സ്ത്രീകളെ സർക്കാർ ശബരിമലയിൽ കയറ്റുന്നതാണ് കണ്ടത്. അതിന്റെ ശിക്ഷ അവര്‍ക്കു കിട്ടി. അവര്‍ പാര്‍ലമെന്റിലേക്ക് പോകേണ്ടെന്ന് ജനം തീരുമാനിച്ചു. ഇവരെ താഴെയിറക്കാന്‍ ബിജെപിയ്ക്ക് കരുത്തുണ്ടോയെന്നും ജനം പരിശോധിച്ചു. അതാണ് പല സ്ഥലത്തും ബിജെപി വോട്ടുകള്‍ 20 ശതമാനത്തില്‍ എത്താന്‍ കാരണം. ഇതുവരെയുണ്ടായ രാഷ്ട്രീയ സാഹചര്യത്തില്‍ നിന്നു വ്യത്യസ്തമായി ജനം ചിന്തിക്കാന്‍ പോകുകയാണ്. കാരണം അവര്‍ക്ക് മനസിലായി.
ശബരിമല കേന്ദ്രീകരിച്ച് ഒരു പ്രത്യേക ഗൂഢാലോചന നടന്നിട്ടുണ്ട്. ശബരിമലയില്‍ രണ്ട് മുന്നണികളുടേയും ലക്ഷ്യം അയ്യപ്പനല്ല. രണ്ട് മുന്നണികളുടേയും ലക്ഷ്യം അതൊരു ടൂറിസ്റ്റ് കേന്ദ്രം പോലെയാകണമെന്നാണ്. കേരളത്തിൽ ബിജെപിയുടെ അര ഡസനോളം എംഎൽഎമാരുണ്ടായിരുന്നുവെങ്കിൽ സ്വർണക്കൊള്ള ഒരിക്കലും നടക്കില്ലായിരുന്നു. ഈ പ്രശ്നങ്ങൾ സിപിഎമ്മിനോടുള്ള വിശ്വാസ്യതയെ കൂടി ചോദ്യം ചെയ്യുന്നതാണ്. ലോകത്താകമാനം കമ്യൂണിസം ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ വാക്കും പ്രവർത്തികളും തമ്മിലുള്ള അന്തരം ജനങ്ങൾ കാണാൻ ആരംഭിച്ചു. ഇത് കേരളത്തിൽ പുതിയൊരു രാഷ്ട്രീയ ഭാവിക്ക് തുടക്കം കുറിക്കും. കേരളത്തിൽ ബിജെപി അധികാരത്തിൽ വരേണ്ട സമത്തുതന്നെ എത്തും.
വരുന്ന തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ നിന്ന് മത്സരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ വന്നിരുന്നു. ഞാൻ ജനങ്ങൾക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത്. പാർട്ടി തീരുമാനിക്കുന്നതനുസരിച്ച് എല്ലാം നടക്കും. സിപിഎം, കോൺഗ്രസ്, ബിജെപി എന്നിവർ കേരളത്തിലെ മൂന്ന് പ്രധാന പാർട്ടികളാണ്. മുന്നണികളിലെ ചെറിയ പാർട്ടികളെ സംബന്ധിച്ചിടത്തോളം, അവയുടെ പ്രാതിനിധ്യം പലപ്പോഴും അവയുടെ യഥാർത്ഥ വോട്ട് അടിത്തറയ്ക്ക് ആനുപാതികമല്ല. രാഷ്ട്രീയ പുനഃക്രമീകരണം സ്വാഭാവികമായി സംഭവിക്കും.
തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി തന്ത്രം വെളിപ്പെടുത്തും. പരമ്പരാഗത സിപിഎം ശക്തികേന്ദ്രങ്ങൾ ഉൾപ്പെടെ കേരളത്തിലുടനീളം ബിജെപി സാന്നിദ്ധ്യം വികസിപ്പിച്ചിട്ടുണ്ട് എന്നാണ്. പ്രത്യയശാസ്ത്രത്തിൽ വിട്ടുവീഴ്ച ചെയ്യാതെ, മൊത്തത്തിലുള്ള വോട്ട് വിഹിതം വർദ്ധിപ്പിക്കുന്നതിനൊപ്പം ഗണ്യമായ സീറ്റുകൾ നേടുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം'- ശോഭാ സുരേന്ദ്രൻ പറഞ്ഞു.