'ജീവിക്കാൻ വകയില്ലെന്ന് പറഞ്ഞ് 10,000 രൂപ വാങ്ങി, മൂന്ന് മണിക്കൂറോളം രാഹുൽ പീഡിപ്പിച്ചു'; യുവതിയുടെ മൊഴി പുറത്ത്
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ മൂന്നാമത് ലൈംഗിക പീഡനപരാതി നൽകിയ യുവതിയുടെ മൊഴി പുറത്ത്. 2023 സെപ്റ്റംബറിലാണ് രാഹുലിനെ പരിചയപ്പെട്ടതെന്നും വാട്സാപ്പിൽ തുടര്‍ച്ചയായി സന്ദേശം അയച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ദാമ്പത്യ ബന്ധത്തിലെ പ്രശ്നങ്ങള്‍ പറഞ്ഞ് രാഹുൽ അടുപ്പം സ്ഥാപിക്കുകയായിരുന്നു.
'വിവാഹമോചിതയായി വന്നാൽ ഒരുമിച്ച് ജീവിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. 2024 ഏപ്രിൽ എട്ടിന് ജീവിതത്തേക്കുറിച്ച് സംസാരിക്കാനാണ് ഹോട്ടലിൽ വിളിച്ചുവരുത്തി. മൂന്ന് മണിക്കൂറോളം അതിക്രൂരമായി പീഡിപ്പിച്ചു. യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനാണന്ന പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി. വലിയ വിലയ്ക്ക് ചെരിപ്പും അടിവസ്ത്രങ്ങളും വാങ്ങിപ്പിച്ചു. ഗർഭിണിയാണെന്ന് പറഞ്ഞപ്പോൾ അധിക്ഷേപിച്ചു. പോയി ഡിഎൻഎ പരിശോധിക്കാൻ പറഞ്ഞു.ഡിഎൻഎ സാംപിൾ തരാൻ രാഹുൽ തയാറായില്ല. ഗർഭം അലസിയശേഷം രാഹുൽ വീണ്ടും സൗഹൃദം തുടങ്ങി. ഉപതിരഞ്ഞെടുപ്പ് സമയത്ത് ജീവിക്കാൻ വകയില്ലന്ന് പറഞ്ഞ് 10,000 രൂപ വാങ്ങി. എംഎൽഎ ആയശേഷം ഫ്ലാറ്റ് വാങ്ങാമെന്ന് രാഹുൽ പറഞ്ഞു. പണമില്ലാത്തതിനാൽ ഫ്ലാറ്റ് വാങ്ങിയില്ല'- യുവതി മൊഴിയിൽ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരമാണ് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരി അയച്ച വൈകാരികമായ ശബ്ദസന്ദേശം മുഖ്യമന്ത്രി കേട്ടതോടെയാണ് ഡിജിപിക്ക് അടിയന്തര നിർദ്ദേശം നൽകിയത്. രാഹുൽ പുറത്തുനിൽക്കുന്നത് തന്റെ കുടുംബത്തിന് ഭീഷണിയാണെന്നും അറസ്റ്റ് വൈകുന്നതിൽ വലിയ ആശങ്കയുണ്ടെന്നും സന്ദേശത്തിൽ പരാതിക്കാരി വ്യക്തമാക്കിയിരുന്നു.