കവരത്തിയിൽ മത്സ്യമേള

Sunday 11 January 2026 5:56 PM IST

കൊച്ചി: കവരത്തിയിൽ ഇന്നലെ ആരംഭിച്ച ത്രിദിന മത്സ്യമേള ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കൊച്ചി കേന്ദ്രമായുള്ള കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന് (സി.എം.എഫ്.ആർ.ഐ) കീഴിലുള്ള ലക്ഷദ്വീപ് കൃഷി വിജ്ഞാന കേന്ദ്രമാണ് കടലറിവുകളും ലക്ഷദ്വീപിന്റെ പൈതൃകവും സമന്വയിപ്പിച്ച മത്സ്യമേള സംഘടിപ്പിച്ചിരിക്കുന്നത്.

പരമ്പരാഗത രീതിയിൽ തയ്യാറാക്കുന്ന രുചിയൂറും കടൽവിഭവങ്ങൾ, നാടൻ ഉത്പന്നങ്ങൾ, കടൽപായലിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങൾ, സാങ്കേതികവിദ്യാ പ്രദർശനം, സാംസ്‌കാരികോത്സവം എന്നിവയാണ് മേളയിലുള്ളത്. ലക്ഷദ്വീപിലെ വിവിധ ദ്വീപുകൾ, കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് സന്ദർ‌ശകരെത്തുന്നത്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഉപദേശകൻ ഡോ. എസ്.ബി ദീപക് കുമാർ ഉദ്ഘാടനം ചെയ്തു. നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഡോ.ബി.കെ ബെഹറ അദ്ധ്യക്ഷനായി. ജില്ലാ കളക്ടർ ഡോ.ഗിരി ശങ്കർ, ഫിഷറീസ് സെക്രട്ടറി രാജ് തിലക്, ഫിഷറീസ് ഡയറക്ടർ കെ. ബുസർ ജംഹർ, സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ.ഗ്രിൻസൺ ജോർജ്, സി.ഐ.എഫ്.ടി ഡയറക്ടർ ഡോ.ജോർജ് നൈനാൻ, ഡോ.വി.വെങ്കടസുബ്രഹ്മണ്യൻ, കെ.വി.കെ മേധാവി ഡോ. പി.എൻ. ആനന്ദ് തുടങ്ങിയവർ പങ്കെടുത്തു.