ന്യൂസിലാന്‍ഡിനെതിരെ 301 റണ്‍സ് വിജയലക്ഷ്യം; ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം

Sunday 11 January 2026 6:39 PM IST

വഡോദര: ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് 301 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത കിവീസ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സ് നേടി. ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കത്തിന്റെ അടിത്തറയിലാണ് കിവീസ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മ, ക്യാപ്റ്റന്‍ ഗില്‍ എന്നിവര്‍ ഭേദപ്പെട്ട തുടക്കം നല്‍കി. 26 റണ്‍സ് നേടിയ രോഹിത് പുറത്തായി.

ഒന്നാം വിക്കറ്റില്‍ ഡെവോണ്‍ കോണ്‍വേ 56(67) - ഹെന്റി നിക്കോള്‍സ് 62(69) സഖ്യത്തിന്റെ 117 റണ്‍സ് കൂട്ടുകെട്ടാണ് മികച്ച തുടക്കം നല്‍കിയത്. 84(71) റണ്‍സ് നേടിയ ഡാരില്‍ മിച്ചല്‍ ആണ് ടോപ് സ്‌കോറര്‍. വില്‍ യംഗ് 12(16), ഗ്ലെന്‍ ഫിലിപ്‌സ് 12(19), വിക്കറ്റ് കീപ്പര്‍ മിച്ചല്‍ ഹേ 18(13), ക്യാപ്റ്റന്‍ മൈക്കള്‍ ബ്രേസ്‌വെല്‍ 16(18), സാക്കറി ഫൗക്‌സ് 1(2) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സംഭാവന.

ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക് 24*(17), കൈല്‍ ജാമിസണ്‍ 8*(8) എന്നിവര്‍ പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, പ്രസീദ്ധ് കൃഷ്ണ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ കുല്‍ദീപ് യാദവിന് ഒരു വിക്കറ്റ് ലഭിച്ചു. പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്.