ചേന്ദമംഗലത്തെ കൈത്തറി ഗ്രാമം സജ്ജം : ഉദ്ഘാടനം 31ന്
പറവൂർ: ചേന്ദമംഗലം കോറ്റാട്ടാലിൽ ഒന്നര ഏക്കറിൽ കൈത്തറി ഗ്രാമം ഉയർന്നു. നെയ്ത്തിന്റെ ദേശാന്തര കാലഭേദങ്ങൾക്ക് സാക്ഷിയായി 'ഹാൻഡ്ലൂം ആൻഡ് ഹാൻഡിക്രാഫ്റ്റ് വില്ലേജിന്റെ' ആദ്യഘട്ടം പൂർത്തിയായി. 2022 നവംബറിൽ മന്ത്രി പി. രാജീവ് ശിലയിട്ട് നിർമ്മാണം തുടങ്ങിയ കൈത്തറി ഗ്രാമത്തിന്റെ ഉദ്ഘാടനം 31ന് മന്ത്രി നിർവഹിക്കും. വിദേശികൾക്കും സ്വദേശികൾക്കും കൈത്തറിയെ കൂടുതൽ അടുത്തറിയാൻ സംസ്ഥാന സർക്കാർ കോടികൾ ചെലവഴിച്ചാണ് കൈത്തറി ഗ്രാമം പദ്ധതി നടപ്പാക്കിയത്. ഡെമോൺസ്ട്രേഷൻ സെന്റർ, ഡിസൈൻ സെന്റർ, പ്രദർശന - വില്പനകേന്ദ്രം, ആംഫി തിയേറ്റർ, കഫടീരിയ, ടോയ്ലറ്റ് ബ്ലോക്ക് എന്നിവയുടെ നിർമ്മാണം പൂർത്തിയായി. കേരളീയ വാസ്തുശില്പ മാതൃകയിലാണ് നിർമ്മിതികൾ ഒരുക്കിയിട്ടുള്ളത്. പുഴയോട് ചേർന്ന് നിർമ്മിച്ചിട്ടുള്ള ആംഫി തിയേറ്ററിൽ പൈതൃക കലകളും സാംസ്കാരിക പരിപാടികളും അരങ്ങേറും. ആദ്യഘട്ട നിർമ്മാണത്തിനായി 2023ലെ സംസ്ഥാന ബഡ്ജറ്റിൽ 10 കോടി രൂപ വകയിരുത്തിയിരുന്നു. രണ്ട് ഘട്ടങ്ങൾ പൂർത്തിയാക്കാൻ മൊത്തം 19.25 കോടി രൂപയാണ് ചെലവ്.
മനസിനിണങ്ങിയത് നെയ്തെടുക്കാം
മനസിനിണങ്ങിയ ഡിസൈനുകളിലുള്ള വസ്ത്രങ്ങൾ ശുദ്ധമായ പരുത്തി നൂലിൽ നെയ്തെടുപ്പിച്ച് സ്വന്തമാക്കാനുള്ള സംവിധാനം കൈത്തറി ഗ്രാമത്തിലുണ്ടാകും. ഡിസൈൻ വർക്കുകൾക്കായി എട്ട് തറികളാണ് നെയ്ത്തുശാലയിലുള്ളത്. വൈവിദ്ധ്യമാർന്ന ഡിസൈനുകളിൽ നെയ്തെടുക്കാൻ സമർത്ഥരായ തൊഴിലാളികളും ഇവിടെയുണ്ടാകും. ചേന്ദമംഗലം കൈത്തറിയുടെ തനത് നിർമ്മാണരീതികളുടെ ഓരോ ഘട്ടവും വിശദീകരിക്കുന്ന ഡെമോൺസ്ട്രേഷൻ സെന്റർ കൈത്തറി ഗ്രാമത്തിലെത്തുന്നവർക്ക് കാണാനാകും.
കൈത്തറി മ്യൂസിയം
രണ്ടാംഘട്ടത്തിൽ ഇന്ത്യൻ കൈത്തറി കരകൗശലങ്ങളുടെ ചരിത്രം പറയുന്ന ആഗോളനിലവാരത്തിലുള്ള കൈത്തറി മ്യൂസിയം നിർമ്മിക്കും. പുഴയോട് ചേർന്ന് നിർമ്മിക്കുന്ന ബോട്ട് ജെട്ടിയിലൂടെ കായൽ സവാരിക്കുള്ള സൗകര്യമുണ്ടാകും. കൈത്തറി വസ്ത്രങ്ങൾ വാങ്ങുന്നതിനോടൊപ്പം ബോട്ടിൽ പെരിയാറിന്റെ കൈവഴിയിലൂടെ മുസിരിസ് പൈതൃക കേന്ദ്രങ്ങൾ ചുറ്റിക്കാണാം. ഇതിനായി ഏഴ് കോടിയിലധികമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ആശയം 2012ൽ; തടസമായത് വഴി
2012ലാണ് ചേന്ദമംഗലത്ത് കൈത്തറി ഗ്രാമമെന്ന ആശയം രൂപപ്പെട്ടത്. ഇതിനായി യാൺ ബാങ്കിന്റെ മൂന്ന് ഏക്കറിൽ ഒന്നര ഏക്കർ വിട്ടുനൽകാൻ തയ്യാറായി. എന്നാൽ, വീതി കുറഞ്ഞ വഴി പദ്ധതിക്ക് തടസമായി. നിലവിലെ വഴി വീതി കൂട്ടാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പുതിയൊരു വഴി കണ്ടെത്തുകയെന്ന ദൗത്യം ചേന്ദമംഗലത്തെ കൈത്തറി മേഖലയിൽ പ്രവർത്തിക്കുന്നവർ ഏറ്റെടുത്തു. ഏതാനും മാസത്തിനുള്ളിൽ വീതിയുള്ള വഴിയെന്ന ലക്ഷ്യം യാഥാർത്ഥ്യമായി. അഞ്ച് മീറ്റർ വീതിയും 360 മീറ്റർ ദൈർഘ്യവുമുള്ള വഴി സജ്ജമാക്കാൻ 44 സെന്റ് സ്ഥലം പ്രദേശവാസികളായ ഭൂവുടമകൾ സൗജന്യമായി നൽകി. പിന്നീട് ഈ വഴിയിൽ ടൈൽ വിരിച്ച് മനോഹരമാക്കി.