ദുരന്ത നിവാരണ പരിശീലന ക്യാമ്പ്
പെരിയ: കേരള കേന്ദ്ര സർവകലാശാല, നാഷണൽ സർവ്വീസ് സ്‌കീം സെൽ കേരള, ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എൻ.എസ്.എസ് വളണ്ടിയേഴ്സിനായി സംഘടിപ്പിക്കുന്ന പ്രത്യേക ദുരന്ത നിവാരണ പരിശീലന പരിപാടിക്ക് തുടക്കം. പെരിയ ക്യാമ്പസിൽ നടക്കുന്ന ഏഴ് ദിവസത്തെ ക്യാമ്പ് ഡീൻ അക്കാഡമിക് പ്രൊഫസർ ജോസഫ് കോയിപ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ കോർഡിനേറ്റർ ഡോ. കെ.വി വിനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ആപത് മിത്ര മാസ്റ്റർ ട്രെയിനർ രതീഷ് കല്ല്യോട്ട് സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം കോർഡിനേറ്റർ ഡോ. എസ്. അൻബഴഗി സ്വാഗതവും പ്രോഗ്രാം ഓഫീസർ ഡോ. ഗജ്ജേട്ടി തിരുപ്പതി നന്ദിയും പറഞ്ഞു. 150ഓളം വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകളും എമർജൻസി റെസ്‌പോൺസ് കിറ്റുകളും നൽകും.