റബറിൽ ഉണർവ്, കുരുമുളക് റെക്കാഡ് കുതിപ്പിൽ

Monday 12 January 2026 12:07 AM IST

കോട്ടയം: വേനലിൽ ടാപ്പിംഗ് കുറഞ്ഞതോടെ ഉത്പാദനം ഇടിഞ്ഞതിനാൽ റബർ വില മെച്ചപ്പെട്ടു. 175-177 രൂപയിൽ സ്റ്റെഡിയായിരുന്ന ഷീറ്റ് വില കഴിഞ്ഞ വാരം കിലോക്ക് മൂന്ന് രൂപ ഉയർന്നു.

ആർ.എസ്.എസ് ഫോർ വ്യാപാരിവില 180 രൂപയായി. റബർ ബോർഡ് വില 188 രൂപയും ബാങ്കോക്ക് വില 194 രൂപയുമാണ്.

ഡിമാൻഡ് കൂടിയിട്ടും വിപണി വില കൂടാത്തതിനാൽ ഇടനിലക്കാർ റബർ വിൽക്കുന്നില്ല. ഇറക്കുമതി ക്രംബ് റബ്ബർ ആവശ്യത്തിന് വ്യവസായികളുടെ കൈവശമുണ്ട്.

സീസൺ അവസാനിക്കുമ്പോൾ ഷീറ്റ് ഉത്പാദനം 30 ശതമാനം ഇടിഞ്ഞു. ചിരട്ടപ്പാൽ ഉത്പാദനം ഉയർന്നു.

കുരുമുളക് കിട്ടാനില്ല

ഉത്തരേന്ത്യയിൽ തണുപ്പ് കൂടിയതോടെ മസാല കമ്പനികൾ വാങ്ങൽ താത്പര്യം ഉയർത്തിയതോടെ കുരുമുളകിന് നേട്ടമായി. മുളക് വില കിലോക്ക് 700 രൂപയെന്ന റെക്കാഡിലെത്തി. മൂപ്പ് കുറഞ്ഞ മുളകിന്റെ വിളവെടുപ്പും ഹൈറേഞ്ചിൽ ആരംഭിച്ചു. കാലാവസ്ഥാ വ്യതിയാനത്താൽ കുരുമുളക് ഉത്പാദനം കുറയുമെന്നാണ് പ്രതീക്ഷ. ലഭ്യതയിലെ ഇടിവ് വിലക്കുതിപ്പിന് കാരണമായേക്കും.