റെക്കാഡിലേക്ക് സ്വർണ വില

Monday 12 January 2026 12:10 AM IST

കൊച്ചി: ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങൾ ശക്തമായതോടെ സ്വർണം, വെള്ളി വില പുതിയ ഉയരങ്ങളിലേക്ക് നീങ്ങുന്നു. വെള്ളിയാഴ്ച വ്യാപാരം അവസാനിച്ചപ്പോൾ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന്(31.1ഗ്രാം) 4,509 ഡോളറിലാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വൻകിട നിക്ഷേപകരും വിവിധ കേന്ദ്ര ബാങ്കുകളും സ്വർണം വാങ്ങികൂട്ടിയതാണ് വിലയിൽ കുതിപ്പുണ്ടാക്കിയത്. ഗ്രീൻലാൻഡ് അധിനിവേശത്തിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരുങ്ങുന്നതാണ് വിപണിക്ക് ചൂട് പകരുന്നത്. ശനിയാഴ്ച കേരളത്തിലെ സ്വർണ വില പവന് 840 രൂപ ഉയർന്ന് 1,03,000 രൂപയിലെത്തി. പവൻ വില ഡിസംബർ 27ന് രേഖപ്പെടുത്തിയ റെക്കാഡ് ഉയരമായ 1,03,560 രൂപയിലേക്ക് 560 രൂപയുടെ വ്യത്യാസത്തിലാണ്. വെള്ളി വില നിലവിൽ കിലോയ്ക്ക് 2.53 ലക്ഷം രൂപയിലാണ്. നടപ്പുവാരം സ്വർണം, വെള്ളി വില പുതിയ റെക്കാഡുകൾ കീഴടക്കുമെന്നാണ് അനലിസ്‌റ്റുകൾ പ്രവചിക്കുന്നത്. കഴിഞ്ഞ വർഷം സ്വർണ വിലയിൽ 70 ശതമാനത്തിനടുത്ത് വർദ്ധനയുണ്ടായിരുന്നു.