മകരവിളക്ക്: ശബരിമല ഒരുങ്ങി
ശബരിമല : ഭക്തലക്ഷങ്ങൾ ദർശനപുണ്യം കൊതിക്കുന്ന മകരവിളക്കിന് ഇനി രണ്ട് നാൾ. നാളെ മുതൽ തീർത്ഥാടകർ മകരജ്യോതി ദർശനത്തിനായി സന്നിധാനത്തെ വിവിധ കേന്ദ്രങ്ങളിൽ തമ്പടിച്ചുതുടങ്ങും. ഇവർ തങ്ങുന്ന സ്ഥലങ്ങളിൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ബാരിക്കേഡുകൾ സ്ഥാപിക്കുന്ന ജോലികൾ അന്തിമഘട്ടത്തിലാണ്. കുടിവെള്ളവും ലഘുഭക്ഷണവും ഉറപ്പാക്കും. തിരക്ക് നിയന്ത്രിക്കാനായി പൊലീസ് വിപുലമായ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. വനം വകുപ്പിന്റെ ഒരുക്കങ്ങളും പുരോഗമിക്കുന്നുണ്ട്. ആരോഗ്യ വകുപ്പ് എല്ലാ അടിയന്തര സാഹചര്യങ്ങളും നേരിടാൻ സജ്ജമായി, വനം മേഖലയിലുള്ള തിരുവാഭരണ പാത തെളിക്കുന്ന ജോലികൾ തീർന്നു. തടസമില്ലാതെ കൂടുതൽ സ്ഥലങ്ങളിൽ വെളിച്ചം ലഭ്യമാക്കാനുള്ള കെ.എസ്.ഇ.ബിയുടെ ജോലികൾ പുരോഗമിക്കുന്നുണ്ട്. ദർശനം കഴിഞ്ഞ് തീർത്ഥാടകരുടെ മടക്കത്തിന് കെ.എസ്.ആർ.ടി.സി 1000 ബസുകൾ ക്രമീകരിക്കും. പമ്പയിലും ശബരിമലയിലും തീർത്ഥാടന പാതയിലും പ്രധാന ഇടത്താവളങ്ങളിലും കുടിവെള്ളം ഉറപ്പാക്കാൻ വാട്ടർ അതോറിറ്റി നടപടി സ്വീകരിക്കും. പമ്പാ സ്നാനത്തിന് വെള്ളം ക്രമീകരിക്കാനുള്ള ജോലികൾ പുരോഗമിക്കുന്നുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേൽനോട്ടത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നത്.