തെരുവുനായ പ്രജനന നിയന്ത്രണ കേന്ദ്രം: പുളിക്കീഴിൽ കെട്ടിടം പണി തീരുന്നു, പദ്ധതി തുടരും

Sunday 11 January 2026 10:16 PM IST

തിരുവല്ല : തെരുവുനായ്ക്കളുടെ നിയന്ത്രണം ലക്ഷ്യമിട്ട് ജില്ലാപഞ്ചായത്ത് ഏറ്റെടുത്ത തെരുവുനായ പ്രജനന നിയന്ത്രണ (എ.ബി.സി) പദ്ധതിക്കുള്ള കെട്ടിട നിർമ്മാണം അവസാനഘട്ടത്തിലായി. ഒന്നരക്കോടി രൂപയുടേതാണ് പദ്ധതി. പുളിക്കീഴിൽ പമ്പ റിവർ ഫാക്‌ടറിയുടെ സ്‌ഥലത്ത് മൃഗാശുപത്രിയോടു ചേർന്നാണ് നിർമ്മാണം. ആശുപത്രി കെട്ടിടം, ഓപ്പറേഷൻ തീയറ്റർ, 50 നായ്ക്കളെ പാർപ്പിക്കാനുള്ള കൂടുകൾ എന്നിവയുണ്ടാകും. നിർമ്മാണം ആരംഭിച്ചിട്ട് ഒരു വർഷത്തിലേറെയായി. 3 വർഷത്തോളം പദ്ധതി നടത്തിയിരുന്ന കെട്ടിടം പൊളിച്ചുനീക്കിയാണ് പുതിയ കെട്ടിടം പണിയുന്നത്. പകരം സംവിധാനം കണ്ടെത്താതെ കെട്ടിടം പൊളിച്ചതോടെ പദ്ധതി പൂർണമായും നിലച്ചിരിക്കുകയാണ്. പിന്നീടാണ് കെട്ടിടം പണി തുടങ്ങിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, ഡിവിഷൻ മെമ്പർ സാം ഈപ്പൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ, അംഗങ്ങളായ പി. തോമസ് വർഗീസ്, ജോ ഇലഞ്ഞിമൂട്ടിൽ എന്നിവർ അസി.എക്സിക്യൂട്ടീവ് എൻജിനീയർ പി.ആർ. അനൂപ് രാജുമായി പ്രവർത്തനങ്ങൾ ചർച്ച ചെയ്തു.

ഒന്നരക്കോടിയുടെ പദ്ധതി

തെരുവ് നായകളെ പിടികൂടി വന്ധ്യംകരണം നടത്തി അവയുടെ എണ്ണം നിയന്ത്രിക്കുന്നതിനും പേവിഷബാധ ഉന്മൂലനം ചെയ്യുന്നതിനും ലോകാരോഗ്യ സംഘടന വികസിപ്പിച്ചെടുത്ത പദ്ധതിയാണ് തെരുവുനായ പ്രജനന നിയന്ത്രണം (എ.ബി.സി), ഇതിനുള്ള ജില്ലയിലെ ഏക കേന്ദ്രമാണ് പുളിക്കീഴിൽ പ്രവർത്തിച്ചിരുന്നത്. മൃഗാശുപത്രിയോട് ചേർന്ന് താത്കാലികമായി ഒരുക്കിയ കെട്ടിടത്തിലായിരുന്നു പ്രവർത്തനം. ഇത് സ്ഥിരംസംവിധാനമാക്കാൻ ജില്ലാ പഞ്ചായത്ത് ഒരുകോടി രൂപ അനുവദിച്ചാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം തുടങ്ങിയത്. കെട്ടിടം കൂടാതെ ചുറ്റുമതിലും ഷെൽട്ടറുകളും പണിയുന്നതിന് 50 ലക്ഷത്തിന്റെ പദ്ധതിയുമുണ്ട്. 40 സെന്റ് സ്ഥ‌ലത്താണ് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നത്

-----------------

2800 ചതുരശ്ര അടിയിൽ കെട്ടിടം

2 നിലകൾ

പ്രളയത്തെ അതിജീവിക്കുംവിധം ഉയർത്തിയാണ് കെട്ടിടം

-------------------

എ.ബി.,സി കേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാണ് പുരോഗമിക്കുന്നത്.

ഫെബ്രുവരി അവസാനം നിർമ്മാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ദീനാമ്മ റോയി (ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്)