സപ്ലൈകോ ഔട്ട്‌ലെറ്റുകൾ വിപുലീകരിക്കും: മന്ത്രി ജി.ആർ അനിൽ മാവേലി സ്റ്റോറുകൾ ഇനി സൂപ്പർ സ്റ്റോറുകൾ
പെരിയ: സപ്ലൈകോയുടെ അമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ മാവേലി സ്റ്റോറുകളെ സൂപ്പർ സ്റ്റോറുകളായി ഉയർത്തുന്നതിനും കൂടുതൽ കേന്ദ്രങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കുന്നതിനുമാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. പെരിയ സപ്ലൈകോ സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വിലക്കയറ്റത്തിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെ കൂടുതൽ ജനങ്ങളിലേക്ക് സപ്ലൈകോയുടെ സേവനങ്ങൾ എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പതിമൂന്ന് നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിലും നൂറുകണക്കിന് ഉത്പന്നങ്ങൾ വിലക്കുറച്ചും വിവിധ ഓഫറുകളിലൂടെയും ജനങ്ങൾക്ക് ലഭ്യമാക്കുന്ന സർക്കാർ നിലപാട് സപ്ലൈകോയുടെ പ്രവർത്തനങ്ങളിലൂടെ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിമാസം 300 കോടിയിലധികം രൂപയുടെ വിൽപ്പനയും ഓണക്കാലത്ത് 380 കോടിയോളം രൂപയുടെ വിൽപ്പനയും നടത്താൻ സപ്ലൈകോയ്ക്ക് കഴിഞ്ഞു. ഏകദേശം 50 ലക്ഷം കുടുംബങ്ങൾ പ്രതിമാസം ആശ്രയിക്കുന്ന തരത്തിലേക്ക് സപ്ലൈകോ മാർക്കറ്റുകൾ ജനങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് പുതിയ കേന്ദ്രങ്ങൾ ആരംഭിക്കാനും മാവേലി സ്റ്റോറുകളെ സൂപ്പർ സ്റ്റോറുകളാക്കി ഉയർത്താനും സർക്കാർ മുൻഗണന നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി. ആദ്യ വിൽപ്പന പുല്ലൂർ–പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.കെ സബിത നിർവഹിച്ചു. പ്രദേശവാസിയായ അബ്ദുൾ സത്താർ ആദ്യ ഉപഭോക്താവായി. ചടങ്ങിൽ സി.എച്ച് കുഞ്ഞമ്പു എം.എൽ.എ അദ്ധ്യക്ഷനായി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത, ജില്ലാ പഞ്ചായത്ത് അംഗം ടി.വി രാധിക, പുല്ലൂർ–പെരിയ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ശാന്ത, വാർഡ് മെമ്പർമാരായ സി. ശോഭന, കെ. ബിന്ദു, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ കെ. ഗംഗാധരൻ, എം. മോഹനൻ, പ്രമോദ് കരുവളം, രാഹുൽ നിലാങ്കര, എ.എം മുരളീധരൻ, കെ.ഇ.എ ബക്കർ, അബ്ദുൾ റഹ്മാൻ എന്നിവർ പങ്കെടുത്തു. സപ്ലൈകോ മേഖല മാനേജർ ഷെൽജി ജോർജ് സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസർ കെ.എൻ ബിന്ദു നന്ദിയും പറഞ്ഞു.