കൃഷ്ണൻ നായർക്ക് 86 ന്റെ ചെറുപ്പം ! എഴുതിയത് 16 പുസ്തകങ്ങൾ

Monday 12 January 2026 12:22 AM IST
കൃഷ്ണൻ നായർ

കോഴിക്കോട്: കൃഷ്ണൻനായർ പ്രായത്തെകുറിച്ച് ചിന്തിക്കാറില്ല. അദ്ദേഹത്തിന്റെ ചുറുചുറുക്ക് കണ്ടാൽ വയസെത്രയെന്ന് ചോദിക്കാൻ ആർക്കും തോന്നുകയുമില്ല. തഹസിൽദാറായി വിരമിച്ച ശേഷം എൽ.ഐ.സി ഏജന്റായി പ്രവർത്തിക്കുന്നു. കോടിപതിയുമായിട്ടുണ്ട്. ഇതുവരെ എഴുതിയത് 16 പുസ്തകങ്ങൾ. യാത്രയും പ്രിയം. ഗോവിന്ദപുരം കിഴക്കുവീട് പറമ്പ് കൃഷ്ണലീലയിലാണ് പി. കൃഷ്ണൻനായരുടെ താമസം.

വീട്ടുപേര് സൂചിപ്പിക്കുന്നതുപോലെ കൃഷ്ണഭക്തനാണ്. എഴുതിയ പുസ്തകങ്ങളിലധികവും കൃഷ്ണാരാധനയുമായി ബന്ധപ്പെട്ടതും. എല്ലാ പുസ്തകങ്ങളുടെയും പേരുകളിലും ലീലയുണ്ട്. ശ്രീകൃഷ്ണാമൃതലീല, ചിത്രലീല എന്നിങ്ങനെ. പരേതയായ ഭാര്യ ലീലയുടെ സ്മരണയ്ക്കാണിത്. പുലർച്ചെ അഞ്ചിന് എഴുന്നേറ്റ് യോഗ ക്ളാസിൽ പോകുന്നതും ഗോവിന്ദപുരം എരവത്ത് കുന്നിലേക്കുള്ള നടത്തവും മുടക്കാറില്ല. തിരികെ വീട്ടിലെത്തി കുളികഴിഞ്ഞ് വളയനാട് ദേവീ ക്ഷേത്രത്തിലും ഗോവിന്ദപുരം പാർത്ഥസാരഥി ക്ഷേത്രത്തിലും ദർശനം. പ്രഭാതഭക്ഷണത്തിന് ശേഷം എൽ.ഐ.സി പ്രവർത്തനത്തിൽ വ്യാപൃതനാകും.

എല്ലാവർക്കും മിഠായി

ഉച്ചയ്ക്ക് വീട്ടിലെത്തി ഭക്ഷണ ശേഷം ചെറുതായി ഉറങ്ങും. നാല് മണിക്ക് വീണ്ടും നടത്തം. എല്ലാ പൊതുപരിപാടികളിലും സജീവമാണ്. ചെല്ലുന്നിടത്തെല്ലാം എല്ലാവർക്കും മിഠായി നൽകും. ഇതിനായി ബാഗിൽ സദാ മിഠായി കരുതും. ഉത്സവ പരിപാടികളിലും പാർത്ഥസാരഥി ക്ഷേത്രത്തിലെ എല്ലാ പ്രവർത്തനങ്ങളിലും സജീവം. എൽ.ഐ.സി പരിപാടികളിലും പങ്കെടുക്കും. അവർക്കൊപ്പം യാത്രകളിൽ പങ്കെടുത്തിട്ടുണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക തീർത്ഥാടന കേന്ദ്രങ്ങളും സന്ദർശിച്ചു. മക്കൾ: മോഹൻദാസ്, ശ്രീലത, സ്മിത. മരുമക്കൾ: ബെറ്റി, മുരളീധരൻ, മുരളി.