സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി ടൂറിസം കേന്ദ്രങ്ങൾ
പാലക്കാട്: വിനോദസഞ്ചാരികളെ വരവേൽക്കാനൊരുങ്ങി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ കേന്ദ്രങ്ങൾ. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ നവീകരണം ഈ മാസം തന്നെ പൂർത്തിയാക്കും. കഥകളിപ്പെരുമയുടെ ഇൗറ്റില്ലമായ വെള്ളിനേഴിയിൽ കലാഗ്രാമത്തിന്റെ നവീകരണം 31നു മുമ്പ് പൂർത്തിയാക്കും. പൈതൃക കലകളെ പ്രോത്സാഹിപ്പിക്കാൻ 99 ലക്ഷം ചെലവിലാണ് പദ്ധതി തയ്യാറാക്കിയത്. സൗന്ദര്യവൽക്കരണം, പ്രവേശന കവാടം, എൻട്രി പ്ലാസ, കഥകളി, ഓട്ടൻതുള്ളൽ എന്നീ കലാരൂപങ്ങളുടെ ശിൽപ്പങ്ങൾ എന്നിവ ഒരുങ്ങിക്കഴിഞ്ഞു. വിദേശ സഞ്ചാരികളെയടക്കം ആകർഷിക്കുന്നതാണ് നവീകരണം. 93 ലക്ഷം രൂപ ചെലവിൽ ശ്രീകൃഷ്ണപുരം ബാപ്പുജി പാർക്കിലെ നിർമ്മാണങ്ങളും വടക്കഞ്ചേരി ശിവരാമ പാർക്കിലെ ആദ്യഘട്ട നവീകരണവും ഒരാഴ്ചയിൽ പൂർത്തിയാക്കാനാണ് നീക്കം. ശിവരാമ പാർക്കിൽ 26 ലക്ഷം രൂപയുടെ നവീകരണമാണ് നടത്തിയത്. അടുത്ത ഘട്ടത്തിൽ ഇവിടെ 83 ലക്ഷം രൂപയുടെ നിർമ്മാണം നടത്തും. പെരുമാട്ടി പഞ്ചായത്തിലെ മൂലത്തറ ഡാം വ്യൂ പാർക്കിന്റെ നവീകരണം അവസാനഘട്ടത്തിലാണ്. അഗ്രികൾച്ചറൽ മ്യൂസിയം, മിനി കൺവൻഷൻ സെന്റർ, താമസിക്കാനുള്ള സൗകര്യം, ബോട്ടിംഗ് തുടങ്ങിയവയാണ് അഞ്ച് കോടി ചെലവിൽ ഒരുങ്ങുന്നത്. മലമ്പുഴ അണക്കെട്ടിനോട് ചേർന്നുള്ള നീന്തൽക്കുളവും നവീകരിക്കുന്നുണ്ട്. പാലക്കാട് കോട്ടയോടുചേർന്ന വാടിക ഉദ്യാന നവീകരണം പൂർത്തിയായി. കുട്ടികളുടെ പാർക്ക്, നടവഴി, സ്‌കേറ്റിംഗ് വിംഗ്, അഡ്വഞ്ചർ പാർക്ക് (മലയുടെ രൂപമുണ്ടാക്കി സാഹസിക മേഖല) തുടങ്ങിയവയാണ് സജ്ജീകരിച്ചത്. സംസ്ഥാന സർക്കാരിന്റെ നവകേരള സദസിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ച 75 ലക്ഷം രൂപ ചെലവിലായിരുന്നു നവീകരണം. കേന്ദ്രങ്ങളിലെല്ലാം ശുചിമുറി, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്.