കേരളകൗമുദി ഗ്രീൻ കേരള,​ ക്ലീൻ കേരള സമ്മിറ്റ് : 'വലിച്ചെറിയൽ' സംസ്കാരം  വെല്ലുവിളി: മന്ത്രി  അനിൽ

Monday 12 January 2026 12:53 AM IST

കൊച്ചി: മാലിന്യം വലിച്ചെറിയുന്ന സംസ്‌കാരത്തിൽ മാറ്റം വരാത്തതാണ് കേരളം നേരിടുന്ന വലിയ വെല്ലുവിളിയെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. സിഗരറ്റിനായി ദിവസവും വലിയ തുക ചെലവഴിക്കുന്നവരും മാലിന്യം ശേഖരിക്കാനെത്തുന്ന ഹരിത കർമസേനയ്‌ക്ക് ചെറിയ സംഖ്യ നൽകാൻ മടിക്കുന്നു. ശുചിത്വം ഉറപ്പു വരുത്താനുള്ള സർക്കാർ സംവിധാനങ്ങളുമായി ഓരോ വ്യക്തിയും താമസ സമുച്ചയങ്ങളും സംഘടനകളും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.

കേരളകൗമുദിയുടെ 115-ാം വാർഷികാഘോഷങ്ങൾക്ക് സമാരംഭമായി സംഘടിപ്പിച്ച 'ഗ്രീൻ കേരള, ക്ലീൻ കേരള സമ്മിറ്റ്" എറണാകുളം അബാദ് പ്ലാസ ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാലിന്യം നീക്കം ചെയ്യേണ്ടതും സംസ്‌കരിക്കേണ്ടതും ഭരണകർത്താക്കളുടെ മാത്രം ഉത്തരവാദിത്വമാണെന്നു ചിന്തിക്കാത്ത ശുചിത്വ സംസ്‌കാരമാണു വേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.

കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും കൊച്ചി - തൃശൂർ യൂണിറ്റ് ചീഫുമായ പ്രഭു വാര്യർ അദ്ധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്ക് കേരളകൗമുദിയുടെ ഉപഹാരം മന്ത്രി കൈമാറി.മന്ത്രിക്ക് കേരളകൗമുദിയുടെ ഉപഹാരം പ്രഭു വാര്യർ സമ്മാനിച്ചു. സ്തുത്യർഹ സേവനത്തിന് കേരളകൗമുദിയുടെ ഉപഹാരം കൊച്ചി ബ്യൂറോ ചീഫ് ടി.കെ. സുനിൽ കുമാറിന് മന്ത്രി സമ്മാനിച്ചു. എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ, കേരള മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്സ് ജനറൽ സെക്രട്ടറി വി.ഇ. അൻവർ, പ്രഭു വാര്യർ എന്നിവർ പ്രസംഗിച്ചു. ടി.കെ. സുനിൽകുമാർ സ്വാഗതവും​ കേരളകൗമുദി ഡി.ജി.എം (മാർക്കറ്റിംഗ്) വി.കെ. സുഭാഷ് നന്ദിയും പറഞ്ഞു.

ഇതോടനുബന്ധിച്ചു നടന്ന പാനൽ ചർച്ചയിൽ ടി.കെ. സുജിത്ത് (സെക്രട്ടറി, ചേർത്തല നഗരസഭ), ഡോ. നിർമ്മല പത്മനാഭൻ (ഡീൻ ഒഫ് എക്സ്റ്റൻഷൻ ആൻഡ് ബിസിനസ് ഇൻകുബേഷൻ, സെന്റ് തെരേസാസ് കോളേജ്; ഇൻഡിപെൻഡന്റ് ഡയറക്ടർ, ധനലക്ഷ്മി ബാങ്ക്), ഷിബു വിജയവേദം (റോബോബിൻ എൻവിറോടെക്), ടി. അനീസ് (ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ, ഡബ്ല്യു കേരള വേസ്റ്റ് മാനേജ്മെന്റ്), പി.സി. അജിത് കുമാർ (ദേശീയ ജനറൽ സെക്രട്ടറി, കോൺഫെഡറേഷൻ ഒഫ് റെസിഡന്റ്സ് വെൽഫെയർ അസോസിയേഷൻസ്) എന്നിവർ പങ്കെടുത്തു. ബിസിനസ് ജേർണലിസ്റ്റ് സനിൽ എബ്രഹാം മോഡറേറ്ററായി. കേരളകൗമുദി സീനിയർ റിപ്പോർട്ടർ അരുൺ പ്രസന്നൻ വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി.