ഗവ. ഓഫീസുകളിലെ ആക്രി വിറ്റഴിക്കാൻ ലേബർ ഫെഡ്
ആലപ്പുഴ: സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലും പൊലീസ് സ്റ്റേഷനുകളിലുമടക്കം കുന്നുകൂടി കിടക്കുന്ന വാഹനങ്ങൾ ഉൾപ്പെടെ ആക്രി സാധനങ്ങൾ ലേലത്തിലൂടെ വിറ്റഴിക്കാൻ സഹകരണ സ്ഥാപനമായ ലേബർ ഫെഡിനെ ചുമതലപ്പെടുത്തി ധനകാര്യ വകുപ്പ്. ഇ- വേസ്റ്റ് ഒഴികെയുള്ളവയാണ് ലേലം ചെയ്യുക. ലേബർ സഹകരണ സംഘങ്ങളുടെ അപ്പക്സ് സ്ഥാപനമാണ് ലേബർ ഫെഡ്.
സർക്കാർ ആശുപത്രികളിലടക്കം ആക്രി സാധനങ്ങൾ കുന്നുകൂടി സ്ഥലംകൊല്ലിയാകുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. ഉപയോഗശൂന്യമായ ഫർണിച്ചർ, വാഹനങ്ങൾ എന്നിവയുടേതടക്കം കൃത്യമായ കണക്ക് സ്ഥാപനങ്ങൾ labourfedgo161@gmail.com എന്ന ഇമെയിൽ വഴി ലേബർ ഫെഡിനെ അറിയിക്കണം.
മെറ്റൽ സ്ക്രാപ്പ് ട്രേഡിംഗ് കോർപ്പറേഷൻ (എം.എസ്.ടി.സി), ജെം (GeM- ഗവൺമെന്റ് ഇ- മാർക്കറ്റ് പ്ളേസ്), നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ(എൻ.ഐ.സി) എന്നീ ഓൺലൈൻ പോർട്ടലുകൾ വഴിയാണ് നിലവിൽ പാഴ്‌വസ്തുക്കൾ ലേലത്തിൽ വിൽക്കുന്നത്. എന്നാൽ, രജിസ്ട്രേഷനുൾപ്പെടെയുള്ള ഉയർന്ന ഫീസും നടപടിക്രമങ്ങളിലെ സാങ്കേതിക പ്രശ്നങ്ങളും കാരണം ഇതിലൂടെ ലേലത്തിൽ പങ്കെടുക്കുന്നവർ കുറവായതിനാൽ ഫലപ്രദമാകുന്നില്ലെന്ന് കണ്ടാണ് പുതിയ തീരുമാനം.
കുമിഞ്ഞു കൂടി
പാഴ് വസ്തുക്കൾ
ഒരിക്കൽ ലേലത്തിൽ വച്ച് വിറ്റുപോകാത്തവയ്ക്കായി വീണ്ടും ലേലം നടത്തണമെങ്കിൽ സർക്കാർ അനുമതി വേണം. ഇത്തരത്തിൽ നടപടിക്രമങ്ങളിലെ കാലതാമസവും ആക്രി സാധനങ്ങൾ കുന്നുകൂടാൻ ഇടയാക്കുന്നു. പഴയ ഫയലുകൾ, മേശ, അലമാര, റാക്കുകൾ, തകരാറിലായ ഇലക്ട്രിക്കൽ, പ്ളംബ്ബിംഗ് ഉപകരണങ്ങൾ, പഴയ വാഹനങ്ങൾ തുടങ്ങിയ അടക്കമാണ് പല ഓഫീസുകളിലും കൂടികിടക്കുന്നത്. പാമ്പ് അടക്കം ക്ഷുദ്രജീവികളുടെ ശല്യത്തിനും തീപിടിത്തം പോലുള്ള അപകടങ്ങൾക്കും ഇവ കാരണമാകുന്നു.
25,000 വാഹനങ്ങൾ
പൊലീസ് സ്റ്റേഷനുകളിൽ
ലേലത്തിനുള്ളത്
4.78 ലക്ഷം ടൺ
സർക്കാർ ഓഫീസുകളിലെ
പേപ്പറുകളടക്കം മാലിന്യങ്ങൾ
''സർക്കാർ ഉത്തരവനുസരിച്ച് ആക്രിസാധനങ്ങൾ ശേഖരിക്കുന്നതിനുള്ള യാർഡും ലേലത്തിനും മറ്റുമുള്ള സോഫ്റ്റ് വെയറുകളും സജ്ജമാക്കി വരികയാണ്. സംസ്ഥാനത്തെ 202 ലേബർ ഫെഡ് സംഘങ്ങളെയും ഇതിൽ പങ്കാളിയാക്കാനാകും
-എ.സി. മാത്യു,
ചെയർമാൻ,
ലേബർ ഫെഡ്