ശബരിമലയിൽ ശുദ്ധിക്രിയകൾ ഇന്ന് തുടങ്ങും

Monday 12 January 2026 12:08 AM IST

ശബരിമല : മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകൾ ഇന്ന് തുടങ്ങും. ഇന്ന് വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ പ്രാസാദശുദ്ധിക്രിയകൾ നടക്കും. രാക്ഷാഘ്ന ഹോമം, വാസ്തുഹോമം, രക്ഷാകലശം, വാസ്തുപുണ്യാഹം എന്നിവ ഉണ്ടാകും. ഇവ ശ്രീലകത്തിന് പുറത്താണ് നടക്കുന്നത്. നാളെ ശ്രീകോവിലിനുള്ളിൽ ബിംബശുദ്ധിക്രിയകൾ നടക്കും. 14ന് വൈകിട്ട് 3.08 ന് സൂര്യൻ ധനുരാശിയിൽ നിന്ന് മകരം രാശിയിലേക്ക് കടക്കുന്ന മുഹൂർത്തത്തിലാണ് സംക്രമപൂജ. ഉച്ചയ്ക്ക് 2.45ന് നടതുറന്ന് മൂന്നിന് സംക്രമപൂജ ആരംഭിക്കും. പന്തളം കൊട്ടാരത്തിൽ നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം ചാർത്തി വൈകിട്ട് 6.40 നാണ് ദീപാരാധന. ഈസമയം ആകാശത്ത് മകര നക്ഷത്രവും പൊന്നമ്പലമേട്ടിൽ മകര വിളക്കും തെളിയും. തിരുവാഭരണ ഘോഷയാത്ര ഇന്ന് പന്തളത്തുനിന്ന് തുടങ്ങും.