സ്വാഗതഗാന പരിശീലനം കാണാൻ മന്ത്രിയും കളക്ടറും
ചെറുതുരുത്തി: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ അവതരിപ്പിക്കുന്ന സ്വാഗതഗാനത്തിന്റെ പരിശീലനം നേരിൽക്കാണാൻ റവന്യൂമന്ത്രി കെ.രാജനും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനും കേരള കലാമണ്ഡലത്തിലെത്തി. കലാമണ്ഡലം വൈസ് ചാൻസലർ ഡോ.ബി.അനന്തകൃഷ്ണൻ, രജിസ്ട്രാർ ഡോ. പി.രാജേഷ് കുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. കൂത്തമ്പലത്തിൽ വിദ്യാർത്ഥികളുടെ പരിശീലനം കണ്ട ശേഷം അഭിനന്ദനങ്ങൾ നേർന്നാണ് മന്ത്രി മടങ്ങിയത്. കലാമണ്ഡലം നൃത്ത വിഭാഗത്തിന്റെ നേതൃത്വത്തിൽ 35 ഓളം വിദ്യാർത്ഥികൾ ചേർന്നാണ് ആറ് മിനിറ്റും 30 സെക്കൻഡുമുള്ള ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തിയത്. പ്രധാന വേദിയായ സൂര്യകാന്തിയിൽ സ്വാഗതഗാന നൃത്തത്തോടെ കലാപ്രകടനങ്ങൾക്ക് തുടക്കമാകും. വിദ്യാഭ്യാസ വകുപ്പ് അഡിഷണൽ ഡയറക്ടർ കലോത്സവം ജനറൽ കൺവീനർ ആർ.എസ്.ഷിബു , ഡെപ്യൂട്ടി ഡയറക്ടർ കലോത്സവം കൺവീനർ പി.എം.ബാലകൃഷ്ണൻ, റിസപ്ഷൻ കമ്മിറ്റി കൺവീനർ എ.യു.വൈശാഖ് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.