സംസ്ഥാന സ്‌കൂൾ കലോത്സവം : നാളെ കലവറ നിറയ്ക്കലും പാലു കാച്ചലും
തൃശൂർ : സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമായി കലവറ നിറയ്ക്കൽ നാളെ രാവിലെ ഒമ്പതിന് നടക്കും. ഇൻഡോർ സ്‌റ്റേഡിയത്തോട് ചേർന്നാണ് കലവറ പ്രവർത്തിക്കുക. പഴയിടത്തിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന ഭക്ഷണത്തിന്റെ പാലുകാച്ചൽ മന്ത്രിമാരായ വി.ശിവൻകുട്ടി, കെ.രാജൻ, ഡോ.ആർ.ബിന്ദു എന്നിവരുടെ സാന്നിദ്ധ്യത്തിൽ വൈകിട്ട് മൂന്നിന് നടക്കും.അന്ന് രാത്രി കലോത്സവത്തിന് എത്തുന്ന മൂവായിരത്തോളം പേർക്ക് ഭക്ഷണം നൽകും.രാത്രി ചോറ്, സാമ്പാർ,അവിയൽ,തോരൻ,പപ്പടം,മോര് ഉൾപ്പെടെയുള്ളവ നൽകും.ആദ്യ ദിവസം നവധാന്യ ദോശയും ചക്കപ്പഴ പായസവുമാണ് സ്‌പെഷ്യൽ.ദിവസവും ഉച്ചയ്ക്ക് 20,000ഓളം പേർക്ക് ഭക്ഷണം നൽകും.നാളെ മുതൽ 18 വരെ രണ്ടര ലക്ഷം പേർക്കാണ് ഭക്ഷണം നൽകുക.രാവിലെ പ്രഭാത ഭക്ഷണം, 11ന് ചായ, 11.30 മുതൽ ഉച്ചഭക്ഷണം, വൈകിട്ട് നാലിന് ചായ, രാത്രി ഏഴു മുതൽ അത്താഴം എന്നിങ്ങനെയാണ് ക്രമീകരണം.കലവറ അവസാനഘട്ട ഒരുക്കത്തിലാണ്. അവസാന ദിവസം രാത്രി പാഴ്‌സലായും ഭക്ഷണം നൽകും.