മന്ത്രിതല നെല്ല് സംഭരണ ചർച്ച :​ 64 കോടിയുടെ കുടിശിക അനുവദിക്കും

Monday 12 January 2026 12:15 AM IST

ആലപ്പുഴ: നെല്ല് സംഭരണത്തിൽ സഹകരണ വകുപ്പിന്റെ പങ്കാളിത്തത്തിനൊപ്പം മില്ലുടമകളുടെ സഹായവും തേടി സ‌ർക്കാർ. കഴിഞ്ഞ രണ്ട് വർഷമായി ഔട്ട് ടേൺ റേഷ്യോ (ഒ.ടി.ആർ)യിൽ സംസ്ഥാനം നൽകിയ ഇളവിൽ മില്ലുകാർക്ക് കിട്ടാനുള്ള 64 കോടി രൂപ ബഡ്ജറ്റ് വിഹിതമായി അനുവദിക്കും. ഒന്നാം വിളയിലേതു പോലെ അരിയുടെ അനുപാതം ക്വിന്റലിന് 66.5 കിലോയായി തുടരാനും ഭക്ഷ്യ മന്ത്രി ജി.ആർ അനിലിന്റെ നേതൃത്വത്തിൽ കൊച്ചി സപ്ളൈകോയിൽ ചേർന്ന മില്ലുടമകളുടെ യോഗത്തിൽ ധാരണയായി. എന്നാൽ, മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക്ശേഷം കരാർ ഒപ്പിടാമെന്ന നിലപാടിലാണ് മില്ലുടമകൾ.

കുട്ടനാട്ടിലുൾപ്പെടെ പുഞ്ചക്കൊയ്ത്ത് ആരംഭിച്ചതോടെ, 11 മില്ലുകളാണ് സപ്ളൈകോയുമായി ധാരണാപത്രത്തിൽ ഒപ്പു വച്ചിട്ടുള്ളത്. കഴിഞ്ഞ സീസണിൽ 57 മില്ലുകളാണ് നെല്ല് സംഭരണത്തിനുണ്ടായിരുന്നത്. ഇത്തവണ രജിസ്ട്രേഷൻ ആരംഭിച്ച് ആഴ്ചകളായിട്ടും നെല്ല് സംഭരിക്കാൻ മില്ലുകാർ വരാത്ത സാഹചര്യത്തിലാണ് കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി മുൻകൈയെടുത്ത് വിളിച്ച യോഗത്തിൽ സഹകരണ സംഘങ്ങളുടെ സഹായത്തോടെ നെല്ല് സംഭരിക്കാനുള്ള തീരുമാനം. ഇത്തരത്തിൽ കേരളത്തിലെ മുഴുവൻ നെല്ലും സംഭരിച്ച് അരിയാക്കിയാലും കർഷക‌ർക്ക് യഥാസമയം നെല്ലിന്റെ വില നൽകാൻ കഴിയില്ലെന്ന നിരീക്ഷണത്തിലാണ് മില്ലുകാരുടെയും സഹായം തേടിയത്. 2022-23, 2023-24 വ‌ർഷങ്ങളിൽ ക്വിറ്റലിന് നാലുകിലോ ഇളവായിരുന്നു അനുവദിച്ചത്. ക്വിന്റലിന് 64 കിലോ അരി നൽകണം. ഇളവായി അനുവദിച്ച അരിയുടെ പണം മില്ലുകാർക്ക് സംസ്ഥാന സർക്കാർ തിരികെ നൽകണം. ഇതിനെതിരെ കർഷകർ കോടതിയെ സമീപിച്ചതോടെ കഴിഞ്ഞ സീസണിൽ ഇത് റദ്ദാക്കുകയും 68 കിലോ അരി സപ്ളൈകോയ്ക്ക് നൽകേണ്ടിവരികയും ചെയ്തു. ഒ.ടി.ആർ ബാലൻസ് സംസ്ഥാന സർക്കാർ കുടിശികയാക്കുകയും ഇളവ് റദ്ദാക്കുകയും ചെയ്തതോടെയാണ് ഈ വർഷം നെല്ല് സംഭരണത്തിന് മില്ലുടമകൾ വിസമ്മതിച്ചത്.

'നെല്ല് സംഭരണത്തിൽ സപ്ളൈകോയുമായി ചർച്ച നടന്നെങ്കിലും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമേ കരാർ ഒപ്പിടൂ.'

- വർക്കി പീറ്റർ,

സെക്രട്ടറി,

റൈസ് മില്ലുടമാ സംഘം

'മുഖ്യമന്ത്രിയുമായി നേരത്തെ നടത്തിയ ചർച്ചപ്രകാരമുള്ള കാര്യങ്ങളെല്ലാം മില്ലുടമകൾ അംഗീകരിച്ചിട്ടുണ്ട്. 11 മില്ലുകൾക്കൊപ്പം മറ്റ് മില്ലുകാരും ഉടൻ ധാരണാപത്രം ഒപ്പിടും.'

- ഭക്ഷ്യമന്ത്രിയുടെ ഓഫീസ്