പ്രതിഷേധവുമായി ഐ ഗ്രൂപ്പ് കോഴിക്കോട്ടുണ്ടായിരുന്നിട്ടും 'വിജയാരവ'ത്തിൽ ചെന്നിത്തലയെ ക്ഷണിച്ചില്ലെന്ന് 

Monday 12 January 2026 12:17 AM IST
ചെന്നിത്തല

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിജയത്തിന് ചുക്കാൻ പിടിച്ചിട്ടും 'വിജയാരവം' പരിപാടിയിൽ നിന്ന് രമേശ് ചെന്നിത്തലയെ ഒഴിവാക്കിയതിൽ ഐ ഗ്രൂപ്പ് നേതാക്കളിൽ പ്രതിഷേധം. പരിപാടി നടക്കുമ്പോൾ കോഴിക്കോട്ടുണ്ടായിരുന്നിട്ടും മുതിർന്ന നേതാവായ രമേശ് ചെന്നിത്തലയെ മാറ്റി നിർത്തിയത് ശരിയായില്ലെന്ന് നേതാക്കൾ പറയുന്നു. ശനിയാഴ്ച വൈകീട്ട് മുതലക്കുളത്താണ് പരിപാടി നടന്നത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലായിരുന്നു ഉദ്ഘാടകൻ. കുഞ്ഞാലിക്കുട്ടിയടക്കം യു.ഡി.എഫ് നേതാക്കളും എം.പിമാരും ഉണ്ടായിരുന്നു. ശനിയാഴ്ച രാവിലെ ചെന്നിത്തല മലപ്പുറത്തും ഉച്ചയ്ക്ക് ശേഷം വയനാട്ടിലും പരിപാടിയിൽ പങ്കെടുത്തശേഷം ഗസ്റ്റ് ഹൗസിലെത്തി കോഴിക്കോട് നിന്നാണ് ട്രെയിനിൽ തിരുവനന്തപുരത്തേക്ക് പോയത്. പരിപാടി നടക്കുമ്പോൾ കോഴിക്കോടുണ്ടായിട്ടും വിളിക്കാത്തതിൽ ചെന്നിത്തലയ്ക്കും അതൃപ്തിയുണ്ട്. വർഷങ്ങൾക്ക് ശേഷമാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് യു.ഡി.എഫ് നേടിയത്. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും വലിയ നേട്ടമുണ്ടാക്കി. കോർപ്പറേഷൻ തിരഞ്ഞെടുപ്പിന്റെ ചുമതല ചെന്നിത്തലയ്ക്കായിരുന്നു. ഇരട്ടിയോളം സീറ്റ് വർദ്ധിപ്പിച്ച് കോഴിക്കോട് കോർപ്പറേഷനിൽ കോൺഗ്രസും യു.ഡി.എഫും നിർണായക ശക്തിയായതിന്റെ ചുക്കാൻ പിടിച്ചിട്ടും ആഘോഷപരിപാടിയിലേക്ക് ക്ഷണിക്കാതിരുന്നത് ശരിയായില്ലെന്നാണ് നേതാക്കളുടെ പക്ഷം.