ശബരിമല സ്വർണക്കടത്ത് സി.ബി.ഐ അന്വേഷിക്കണം: തന്ത്രി മണ്ഡലം

Monday 12 January 2026 12:20 AM IST

□തന്ത്രിയെ അറസ്റ്റ് ചെയ്തതിൽ സംശയം

തിരുവനന്തപുരം: ശബരിമല സ്വർണക്കടത്തുമായി ബന്ധപ്പെട്ട് തന്ത്രിയെ അറസ്റ്റ് ചെയ്തതിൽ സംശയമുള്ളതിനാൽ സി.ബി.ഐക്ക് അന്വേഷണം കൈമാറണമെന്ന് അഖില കേരള തന്ത്രി മണ്ഡലം പ്രസിഡന്റ് പ്രൊഫ.വി.ആർ.നമ്പൂതിരി ആവശ്യപ്പെട്ടു. മതിയായ കാരണമില്ലാതെ ആചാരലംഘനം നടത്തിയെന്നാരോപിച്ച് തന്ത്രിയെ അറസ്റ്റ് ചെയ്തതിനെ അദ്ദേഹം ശക്തമായി അപലപിച്ചു..

പുനരുദ്ധാരണത്തിന്റെ ഭാഗമായി ദേവന്റെ അനുമതി വാങ്ങുന്ന അനുജ്ഞ ചടങ്ങിന്റെ പേരിൽ ആചാരലംഘനം നടന്നെന്ന് വരുത്തിത്തീർത്ത് തന്ത്രിയെ ക്രൂശിക്കുന്നത് വിശ്വാസികളെ ആഴത്തിൽ മുറിവേൽപ്പിക്കുന്ന നടപടിയാണ്. അനുജ്ഞാ പ്രാർത്ഥന തന്ത്രിയും ഉടമസ്ഥനും സംയുക്തമായാണ് ദേവസന്നിധിൽ നടത്തുന്നത്. അത് തന്ത്രിയുടെ ഏകപക്ഷീയമായ നടപടിയല്ല. എവിടെയാണ് അറ്റകുറ്റപ്പണി നടത്തേണ്ടത്, ആരെക്കൊണ്ടാണ് അത് നിർവഹിപ്പിക്കേണ്ടത് എന്നതെല്ലാം തീരുമാനിക്കേണ്ടത് തന്ത്രിയുടെയല്ല , ഉടമസ്ഥന്റെ ചുമതലയാണ്.

അറ്റകുറ്റപ്പണിക്കായാലും മറ്റേതെങ്കിലും ആവശ്യത്തിനായാലും ദേവന്റെ മുതലുകൾ ക്ഷേത്രപരിധിക്ക് പുറത്തേക്ക് കൊണ്ടു പോകരുതെന്ന നിയമാവലി നിലനിൽക്കെ, അങ്ങനെ ചെയ്തതിന്റെ മുഴുവൻ ഉത്തരവാദിത്വവും തന്ത്രിയിൽ ചുമത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മറ്റ് പല പ്രമുഖരെയും സംരക്ഷിക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമാണോ തന്ത്രിയുടെ പെട്ടെന്നുള്ള അറസ്റ്റെന്ന് സംശയമുണ്ട്. തെറ്റു ചെയ്തവർ എത്ര ഉന്നതരായാലും അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരണമെന്ന് തന്ത്രിമണ്ഡലം കർമ്മസമിതി യോഗം ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് വി.എസ്.വിഷ്ണു നമ്പൂതിരി, ജനറൽ സെക്രട്ടറി എസ്.രാധാകൃഷ്ണൻ പോറ്റി, ജോയിന്റ് സെക്രട്ടറി കെ.പി.വിഷ്ണു നമ്പൂതിരി, ട്രഷറർ എസ്.ഗണപതിപ്പോറ്റി, രജിസ്ട്രാർ ഡോ.ദിലീപ് നാരായണൻ നമ്പൂതിരി, പി.ആർ.ഒ കെ.പുരുഷോത്തമൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.