നീലട്രോളി ബാഗ് റെയ്ഡ് നടന്ന ഹോട്ടലിൽ പരമ രഹസ്യമായി പൊലീസ് ആക്ഷൻ
പാലക്കാട്: പഴുതുകളെല്ലാം അടച്ച് അതീവ രഹസ്യവും ചടുലവുമായ നീക്കങ്ങൾക്കൊടുവിലായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്. അഞ്ചു പൊലീസുകാർ രാഹുലിനെ ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പോകുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങൾ പുറത്ത്.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് നീലട്രോളി ബാഗുമായി ബന്ധപ്പെട്ട് വിവാദം ഉണ്ടായ പാലക്കാട്ടെ അതേ കെ.പി.എം റീജൻസിയിൽനിന്ന് തന്നെയാണ് പൊലീസ് രാഹുലിനെ പിടികൂടിയത്.
ശനിയാഴ്ച രാവിലെയാണ് രാഹുൽ തൃശൂരിൽ നിന്നെത്തിയത്. അപ്പോൾ മുതൽ പൊലീസ് നിരീക്ഷണത്തിലാക്കി. മഫ്തി പൊലീസ് അതേ ഹോട്ടലിൽ മുറിയെടുത്തു. രാഹുലിന്റെ ഡ്രൈവറും സഹായിയുമുൾപ്പെടെ പുറത്തുപോയി എന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു പൊലീസ് നടപടി.
അർദ്ധരാത്രി ഷൊർണൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം എത്തി. റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു. തുടർന്ന് 12.15ന് രാഹുൽ താമസിച്ചിരുന്ന '2002' മുറിയിലെത്തി. വാതിലിൽ തട്ടിയെങ്കിലും രാഹുൽ തുറന്നില്ല. കസ്റ്റഡി രേഖപ്പെടുത്താൻ എത്തിയതാണെന്ന് അറിയിച്ചതോടെ 12.30ന് വാതിൽ തുറക്കുകയായിരുന്നു. തുടർന്ന് കസ്റ്റഡി രേഖപ്പെടുത്തി.
15 മിനിറ്റിനുള്ളിൽ നടപടികൾ പൂർത്തിയാക്കി കൂട്ടിക്കൊണ്ടുപോയി.
മുറി തുറക്കാൻ പാടില്ലെന്ന് അറിയിച്ചശേഷം
രണ്ട് താക്കോലുകളും പൊലീസ് കൊണ്ടുപോയി. രാഹുലിന്റെ ലാപ്ടോപ്പും മൊബൈലുമുൾപ്പടെ ഈ മുറിയിലാണുള്ളത്.
രണ്ടു കേസിൽ രാഹുൽചിരിച്ചു,
മൂന്നാം കേസിൽ പൊലീസും
ആദ്യത്തെ രണ്ടു പീഡനകേസുകളിലുംരാഹുലിനെ ജയിലിലാക്കാൻ കഴിയുമെന്നായിരുന്നു പൊലീസിന്റെ വിശ്വാസം. പക്ഷെ രാഹുലിന്റെ ഒളിവും കോടതിയുടെ ഇടപെടലും കണക്ക് കൂട്ടൽ തെറ്റിച്ചു. ജാമ്യം നേടി തിരിച്ചെത്തി ചിരിച്ചുകൊണ്ട് ചായ കുടിച്ചപ്പോൾ തോറ്റത് പൊലീസ്. അവസരം കാത്തിരുന്ന പൊലീസിന്റെ മുന്നിലേക്കാണ് മൂന്നാം പരാതിയെത്തുന്നത്. സുഹൃത്ത്ഫെന്നിക്ക് എതിരെയും മൊഴി രാഹുലിന്റെ ഉറ്റസുഹൃത്തും രണ്ടാമത്തെ ബലാത്സംഗകേസിൽ കൂട്ടുപ്രതിയുമായ അടൂർ സ്വദേശി ഫെന്നി നൈനാനും പണം ആവശ്യപ്പെട്ടതായി യുവതിയുടെ മൊഴിയിലുണ്ട്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് രാഹുൽ ഭക്ഷണം കഴിക്കാൻപോലും പണമില്ലാതെ നട്ടം തിരിയുകയാണെന്ന് ഫെന്നി പറഞ്ഞതുപ്രകാരം 10000 രൂപ രാഹുലിന്റെ അക്കൗണ്ടിലേക്ക് അയച്ചു. തന്റെ കുഞ്ഞിന്റെ അച്ഛനാണല്ലോ എന്ന് കരുതിയാണ് പണം നൽകിയത്. ചൂരൽമല ദുരിതാശ്വാസവുമായി ബന്ധപ്പെട്ട യൂത്ത് കോൺഗ്രസ് പണപ്പിരിവിന്റെ ഭാഗമായുള്ള ലക്കി ഡ്രോയിലേക്കും ഫെന്നി നൈനാൻ പറഞ്ഞതുപ്രകാരം 5000 രൂപ അയച്ചു. അന്വേഷണത്തോട് നിസ്സഹകരണം രാഹുൽ മാങ്കൂട്ടത്തിൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്. ഫോണുകൾ പിടിച്ചെടുത്തെങ്കിലും സ്ക്രീൻ പാറ്റേണും ലോക്കും പൊലീസിന് പറഞ്ഞുകൊടുത്തിട്ടില്ല. നിരവധി വീട്ടമ്മമാരെയും അവിവാഹിതകളെയും പീഡിപ്പിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. പരാതി നൽകിയ അതിജീവതമാരെ ഭീഷണിപ്പെടുത്തി, പരാതി പിൻവലിപ്പിക്കാൻ ശ്രമം നടത്തി. അവരെ സൈബറിടങ്ങളിൽ അധിക്ഷേപിക്കുകയും തിരിച്ചറിയുന്ന തരത്തിൽ വെളിപ്പെടുത്തലുകൾ നടത്തുകയും ചെയ്യുന്നു. രാഹുലിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് പൊലീസ്. റിമാൻഡ് കേട്ട് ചിരി മാഞ്ഞു മജിസ്ട്രേട്ടിന്റെ വസതിയിൽ നിന്ന് റിമാൻഡ് ഉത്തരവ് കേട്ട് ജയിലിലേക്കുള്ള യാത്രയ്ക്ക് ജീപ്പിൽ കയറിയപ്പോൾ മുഖത്ത് വിഷാദം മാത്രം.