സ്വർണക്കൊള്ള, രാഹുലിന്റെ അറസ്റ്റ് മാറിമറിഞ്ഞ് വിഷയങ്ങൾ, ചങ്കിടിപ്പിൽ മുന്നണികൾ
തിരുവനന്തപുരം: കഴിഞ്ഞ ദിവസംവരെ കത്തിനിന്നത് ശബരിമല സ്വർണക്കൊള്ള വിഷയം. പൊടുന്നനെ കയറിവന്ന് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് അടുക്കുന്തോറും വിഷയങ്ങൾ മാറിമറിയുന്നു. എൽ.ഡി.എഫിനും യു.ഡി.എഫിനും ചങ്കിടിപ്പും ഏറുന്നു. വിവാദമല്ല, വികസനമാണ് വേണ്ടതെന്ന നിലപാടിലായിരുന്ന ബി.ജെ.പിയും കളംമാറ്റി. ശബരിമല ദേശീയ വിഷയമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞത്, ബി.ജെ.പി ഇതിനെ രാഷ്ട്രീയമായി കാണുന്നുവെന്ന് വ്യക്തമാക്കുന്നു.
സ്വർണക്കൊള്ളയിൽ തന്ത്രിക്ക് പിന്നാലെ ഇനി എസ്.ഐ.ടി ആരെയാവും കസ്റ്റഡിയിലെടുക്കുക എന്നത് എൽ.ഡി.എഫിനെ മുൾമുനയിലാക്കുന്നു. മുൻ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുൻ ദേവസ്വം ബോർഡംഗം കെ.പി.ശങ്കരദാസിനെയും എസ്.ഐ.ടി ചോദ്യം ചെയ്തിരുന്നു. അറസ്റ്റിലായ തന്ത്രിയുടെ മൊഴിയിൽ ആരുടെയൊക്കെ പേരുവന്നിട്ടുണ്ടെന്നും ആരുമായൊക്കെ തന്ത്രി ബന്ധപ്പെട്ടിട്ടുണ്ടെന്നുമൊക്കെയുള്ള കാര്യങ്ങളാണ് എൽ.ഡി.എഫിനെ ആശങ്കയിലാക്കുന്നത്.
ശബരിമല വിഷയം ആളിക്കത്തിക്കാൻ യു.ഡി.എഫ് ശ്രമിക്കുന്നതിനിടെയാണ് രാഹുലിന്റെ അറസ്റ്റ്.രാഹുലിനെ പാർട്ടിയിൽനിന്നു പുറത്താക്കിയതാണെന്നും ഇനി അഭിപ്രായം പറയേണ്ടതില്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും രമേശ് ചെന്നിത്തലയും ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും കോൺഗ്രസും പ്രതിസന്ധിയിലാണ്.
കാരണം ഇപ്പോൾ ഉയർന്നുവന്നിട്ടുള്ള ചില ആരോപണങ്ങൾ രാഹുൽ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനായിരിക്കുമ്പോഴുള്ളതാണ്. പീഡന ആരോപണം ഉയർന്നയുടൻ രാഹുലിനെതിരെ കർശന നടപടി വേണമെന്ന നിലപാട് സ്വീകരിച്ചിരുന്നത് സതീശനും ചെന്നിത്തലയും മാത്രമാണ്. കെ.പി.സി.സി പ്രസിഡന്റും യു.ഡി.എഫ് കൺവീനറും ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ രാഹുലിനെ പരമാവധി സംരക്ഷിക്കുന്ന നിലപാടാണ് ആദ്യം സ്വീകരിച്ചത്.
ഷാഫിയെ ലക്ഷ്യമിട്ടും
ആരോപണം
ഷാഫി പറമ്പിൽ എം.പിയുടെ ലോക്സഭാ മണ്ഡലമായ വടകരയിൽ മാങ്കൂട്ടത്തലിന് ഫ്ളാറ്റ് ഉണ്ടെന്ന ആരോപണം സി.പി.എമ്മിലേക്ക് പോയ ഡോ.പി.സരിനും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജും ഉന്നയിച്ചത് ഷാഫിയെകൂടി ലക്ഷ്യം വച്ചാണ്. ആ ഫ്ളാറ്രിലേക്ക് അതിജീവിതയെ ക്ഷണിച്ചുവെന്ന് മൊഴിയുണ്ടെന്നാണ് സരിൻ പറയുന്നത്.
എത്തിക്സ് കമ്മിറ്റി നിർണായകം
രാഹുലിനെതിരെ നടപടി വരുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞിട്ടുണ്ട്. വിഷയം എത്തിക്സ് ആൻഡ് പ്രിവിലേജ് കമ്മിറ്റി പരിശോധിക്കുമെന്നാണ് പറഞ്ഞത്. ഇനിയുള്ള ദിവസങ്ങൾ കേരള രാഷ്ട്രീയം ഏതു ദിശയിലേക്ക് നീങ്ങുമെന്ന് പറയാനാവാത്ത അവസ്ഥ. ശബരിമല വിഷയം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കണമെന്ന് അമിത്ഷാ പറഞ്ഞത് ഒന്നും കാണാതെയല്ല. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോഴേക്കും ബി.ജെ.പിയും നല്ല കളികളിക്കും.