വൈകാരിക കുറിപ്പുമായി അതിജീവിത കുഞ്ഞാറ്റേ, അമ്മ നിന്നെ അങ്ങേയറ്റം സ്‌നേഹിക്കുന്നു
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ അറസ്റ്റിലായതിനു പിന്നാലെ വൈകാരികമായ ഫേസ്ബുക്ക് കുറിപ്പുമായി അതിജീവിത.നഷ്ടപ്പെട്ടുപോയ കുഞ്ഞുങ്ങളോട് മാപ്പ് ചോദിച്ചും അവരുടെ ആത്മാക്കൾക്ക് ശാന്തി ലഭിക്കട്ടേയെന്ന പ്രാർത്ഥനയോടെയുമാണ് കുറിപ്പ്.രാഹുലിനെതിരെ പീഡനാരോപണം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് ആദ്യം പരാതി നൽകിയ യുവതിയാണ് ദൈവത്തിന് നന്ദി പറഞ്ഞ് പോസ്റ്റിട്ടത്.ആയാൾ ഇരുട്ടിൽ ചെയ്ത പ്രവർത്തികൾ ദൈവം കണ്ടെന്നും മാലാഖ കുഞ്ഞുങ്ങൾ സ്വർഗത്തിൽനിന്ന് തങ്ങളോട് ക്ഷമിക്കട്ടെയെന്നും അതിജീവിത കുറിപ്പിലുണ്ട്.കുറിപ്പ് മന്ത്രി വീണാ ജോർജ് പങ്കുവെച്ചു.
കുറിപ്പിന്റെ പൂർണരൂപം
'പ്രിയപ്പെട്ട ദൈവമേ,സഹിച്ച എല്ലാ വേദനകൾക്കും,വിധിയെഴുത്തുകൾക്കും,വഞ്ചനകൾക്കും നടുവിലും,സ്വയം വിലമതിക്കാനുള്ള ധൈര്യം തന്നതിന് നന്ദി.ഇരുട്ടിൽ ചെയ്ത തെറ്റുകളും ലോകം കേൾക്കാതെ പോയ നിലവിളികളും അലറിക്കരച്ചിലും അങ്ങ് കേട്ടു,ശരീരം മുറിവേറ്റ് വേദനിച്ചപ്പോൾ ഞങ്ങളെ ചേർത്തുപിടിച്ചു,ചോരക്കുഞ്ഞുങ്ങളെ ഞങ്ങളിൽ നിന്നും ബലമായി പറിച്ചെടുത്തു,സ്വർഗത്തിലിരുന്ന് ഞങ്ങളുടെ മാലാഖക്കുഞ്ഞുങ്ങൾ ഞങ്ങളോട് ക്ഷമിക്കുമായിരിക്കും,തെറ്റായ ഒരാളെ വിശ്വസിച്ചതിനും കുഞ്ഞിന്റെ അച്ഛനാകാൻ യോഗ്യതയില്ലാത്ത ഒരാളെ തിരഞ്ഞെടുത്തതിനും കുഞ്ഞുമക്കൾ ഞങ്ങളോട് ക്ഷമിക്കട്ടേ.
'ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് നിത്യശാന്തി ലഭിക്കട്ടേ,ക്രൂരതകളിൽ നിന്നും ഭീതിയിൽ നിന്നും മോചിതരായി,ഞങ്ങളെ സംരക്ഷിക്കാൻ പറ്റാത്ത ഈ ലോകത്തിൽ നിന്നും മോചിതരായി,ഞങ്ങളുടെ കുഞ്ഞുമക്കളേ,ഈ കണ്ണീർ സ്വർഗത്തിൽ എത്തുന്നുവെങ്കിൽ അത് നിങ്ങളോടിത് പറയും,നിന്റെ അമ്മ നിന്നെ മറന്നിട്ടില്ല.നിന്റെ ജീവിതം വിലയുള്ളതായിരുന്നു.നിന്റെ ആത്മാവ് വിലയുള്ളതാണ്,നമ്മൾ വീണ്ടും കണ്ടുമുട്ടുന്നതുവരെ നിങ്ങളെ ഹൃദയത്തോട് ചേർത്തുപിടിക്കും.കുഞ്ഞാറ്റാ...അമ്മയ്ക്ക് നിന്നെ ചന്ദ്രനോളവും അതിനപ്പുറവും ഇഷ്ടമാണ്'.