ടിക്കറ്റില്ലാത്തതിന് പിഴയിട്ടു യാത്രക്കാരുടെ ബഹളത്തെ തുടർന്ന് ട്രെയിൻ വൈകി

Monday 12 January 2026 12:41 AM IST

തൃശൂർ: ടിക്കറ്റില്ലാത്തതിന് ടി.ടി.ഇ പിഴയിട്ടതോടെ യാത്രക്കാരായ അയ്യപ്പഭക്തർ ട്രെയിനിൽ പ്രതിഷേധിച്ചു. ഇതേത്തുടർന്ന് ട്രെയിൻ 19 മിനിട്ട് തൃശൂർ റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ടു. മുംബയിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്കുള്ള (കൊച്ചുവേളി) ലോകമാന്യതിലക് ട്രെയിനിൽ ഇന്നലെയായിരുന്നു സംഭവം.

കർണാടകയിൽ നിന്ന് ശബരിമലയിലേക്ക് പോകുകയായിരുന്ന 20 പേരിൽ മൂന്ന് പേർ ടിക്കറ്റുണ്ടായിരുന്നില്ല. ഇത് ടി.ടി.ഇ ചോദ്യം ചെയ്തതോടെയാണ് പ്രശ്നമുണ്ടായത്. പിഴയടയ്ക്കണമെന്ന് ടി.ടി.ഇ അറിയിച്ചതോടെ ഭക്തർ തൃശൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ളാറ്റ്‌ഫോമിലിറങ്ങി ശരണം വിളിച്ച് പ്രതിഷേധിച്ചു.

2.19ന് തൃശൂർ റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിൻ 2.38നാണ് പുറപ്പെട്ടത്. തൃശൂരിൽ രണ്ട് മിനിറ്റ് മാത്രം സ്റ്റോപ്പുള്ള ട്രെയിനായിരുന്നു ഇത്. പ്രതിഷേധിച്ച ഭക്തരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി മൂന്ന് പേർക്കും ആയിരം രൂപ വീതം പിഴയടപ്പിച്ചാണ് യാത്ര തുടർന്നത്. ആർ.പി.എഫും റെയിൽവേ പൊലീസും ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കി.