'രാഹുല്‍ മാങ്കൂട്ടത്തിലിന് വടകരയില്‍ ഫ്‌ളാറ്റ്? വടകരക്കാര്‍ക്ക് ഇക്കാര്യം അറിയാമോ?'

Sunday 11 January 2026 11:46 PM IST

പാലക്കാട്: ലൈംഗിക പീഡന കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ഷാഫി പറമ്പിലിനെ പരോക്ഷമായി ഉന്നം വച്ച് പി. സരിന്‍. പരാതിയില്‍ യുവതി വടകരയിലെ ഒരു ഫ്ളാറ്റിനെ കുറിച്ച് പറയുന്നുണ്ട്. വടകരയില്‍ ഫ്ളാറ്റ് ഉണ്ടെന്നും അവിടേയ്ക്ക് ചെല്ലാനും രാഹുല്‍ ആവശ്യപ്പെട്ടതായാണ് പരാതിക്കാരി പറയുന്നത്. എന്നാല്‍ രാഹുലിന് വടകരയില്‍ ഫ്ളാറ്റുള്ളതായി ആര്‍ക്കെങ്കിലും അറിവുണ്ടോ എന്ന് സരിന്‍ ചോദിക്കുന്നു.

അതേസമയം, രാഹുലിനെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതരമായ കാര്യങ്ങളാണ് പൊലീസ് പറയുന്നത്. മുമ്പ് രണ്ട് കേസുകളില്‍ ജാമ്യം ലഭിക്കുന്നതിനായി ഉന്നയിച്ച ഉഭയസമ്മതപ്രകാരമുള്ള ബന്ധം എന്ന വാദം ഈ കേസിലും രാഹുല്‍ ഉന്നയിക്കാനാണ് നീക്കം. എന്നാല്‍ ഇത്തവണ അത് രക്ഷയ്ക്കെത്തില്ലെന്നാണ് നിയമ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

സരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ ഭാഗമായുള്ള മൂന്നാമത്തെ എഫ്ഐആര്‍ മാധ്യമങ്ങളിലൂടെ പുറത്ത് വന്നത് വായിക്കുകയായിരുന്നു. പരാതിയുടെ അഞ്ചാം പേജില്‍ ആവലാതിക്കാരി പറയുന്നത് ഇങ്ങനെയാണ്: 'വടകരയില്‍ ഫ്ളാറ്റുണ്ടെന്നും മറ്റൊരു ദിവസം വടകരയിലേക്ക് ചെല്ലണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടു', വടകരയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ഫ്ളാറ്റ് ഉള്ളതായി വടകരക്കാര്‍ക്ക് ആര്‍ക്കെങ്കിലും അറിവുണ്ടോ? സ്ഥലം എംപിയോട് ചോദിച്ച് ആരെങ്കിലും അറിയിച്ചാലും മതി. ഇല്ലെങ്കില്‍, പിന്നെ ചോദിക്കാന്‍ വരുന്നത് പൊലീസായിരിക്കും, കേരളാ പൊലീസ്!