രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക നീതി ഈഴവ സമുദായത്തിന് കിട്ടുന്നില്ല: വെള്ളാപ്പള്ളി നടേശൻ
കോയമ്പത്തൂർ: രാഷ്ട്രീയ നീതിയും സാമൂഹ്യനീതിയും സാമ്പത്തിക നീതിയും ഈഴവ സമുദായത്തിന് കിട്ടുന്നില്ല. സാമൂഹ്യ നീതി നിഷേധത്തിനെതിരെയുള്ള പോരാട്ടത്തെ വർഗീയതയായി കാണാനാവില്ലെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പിയുടെ സാരഥ്യത്തിൽ മുപ്പത് വർഷം പൂർത്തിയാക്കിയതിന് എസ്.എൻ.ഡി.പി യോഗം കോയമ്പത്തൂർ യൂണിയൻ നൽകിയ സ്‌നേഹാദരത്തിന് വീഡിയോ കോൺഫ്രൻസിലൂടെ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ജാതി വിവേചനത്തിൽ നിന്നാണ് ജാതി ചിന്തയുണ്ടാകുന്നത്. വിവേചനം ഉണ്ടാകുമ്പോഴാണ് ജാതി പറയേണ്ടിവരുന്നത്. ബാക്കി എല്ലാവർക്കും ജാതി പറയാം ഈഴവർ പറയാൻ പാടില്ലെന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്. ഭൂരിപക്ഷ സമുദായത്തിന് സാമുദായിക നീതി നിഷേധിക്കപ്പെടുകയാണ്. ഭയം കൊണ്ട് ഇത് ആരും തുറന്ന് പറയുന്നില്ല. നമ്മളെങ്കിലും പറയണ്ടേ എന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു. മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിച്ചതിൽ വിവേചനമുണ്ടെന്നും ഇത് പറയുമ്പോൾ തന്നെ വേട്ടയാടാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോയമ്പത്തൂർ ആർ.എസ് പുരത്തെ കോർപ്പറേഷൻ കലയരംഗം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച എസ്.എൻ.ഡി.പി യോഗം കോയമ്പത്തൂർ യൂണിയന്റെ പതിനെട്ടാം വാർഷിക സമ്മേളനം യൂണിയൻ രക്ഷാധികാരി കെ.ആർ.ബാലൻ ഉദ്ഘാടനം ചെയ്തു. സമഗ്ര മുന്നേറ്റം ഉണ്ടാകണമെങ്കിൽ സമുദായത്തിന് ഐക്യം വേണമെന്ന് അദ്ദേഹം പറഞ്ഞു. യൂണിയന്റെ ഉപഹാരം വെള്ളാപ്പള്ളി നടേശന് വേണ്ടി എസ്.എൻ.ഡി.പി യൂണിയൻ ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ഏറ്റുവാങ്ങി. യൂണിയൻ പ്രസിഡന്റ് എം.സുജിത് അദ്ധ്യക്ഷത വഹിച്ചു. ഗണപതി പി.രാജ്കുമാർ എം.പി മുഖ്യാതിഥിയായി. സെക്രട്ടറി കെ.എ.നാരായണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. യോഗം ബോർഡ് മെമ്പർ ആർ.അജി കായംകുളം സംസാരിച്ചു.