കൊട്ടാരക്കര സ്വകാര്യ ബസ് സ്റ്റാൻഡിൽ ഹൈടെക് വെയിറ്റിംഗ് ഷെഡ് ഒരുങ്ങുന്നു

Monday 12 January 2026 12:09 AM IST
കൊട്ടാരക്കര സ്വകാര്യ ബസ് സ്റ്റാൻഡിൽ പുതിയ ഹൈടെക് വെയിറ്റിംഗ് ഷെഡ് നിർമ്മിക്കുന്ന സ്ഥലം മന്ത്രി കെ.എൻ. ബാലഗോപാൽ, നഗരസഭ ചെയർപേഴ്സൺ അനിത ഗോപകുമാർ എന്നിവർ സന്ദർശിക്കുന്നു

കൊട്ടാരക്കര : യാത്രക്കാരുടെ ദീർഘനാളത്തെ പരാതികൾക്ക് പരിഹാരമായി കൊട്ടാരക്കര സ്വകാര്യ ബസ് സ്റ്റാൻഡിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഹൈടെക് വെയിറ്റിംഗ് ഷെഡ് വരുന്നു. മന്ത്രി കെ.എൻ. ബാലഗോപാലിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

മന്ത്രിയും സംഘവും സന്ദ‌ർശിച്ചു

പുതിയ മന്ദിരം നിർമ്മിക്കേണ്ട സ്ഥലം സംബന്ധിച്ച അന്തിമ വിലയിരുത്തലിനായി മന്ത്രി കെ.എൻ. ബാലഗോപാൽ, നഗരസഭ ചെയർപേഴ്സൺ അനിത ഗോപകുമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ കഴിഞ്ഞ ദിവസം ബസ് സ്റ്റാൻഡ് സന്ദർശിച്ചു. വർഷങ്ങൾ പഴക്കമുള്ളതും അപകടാവസ്ഥയിലായതുമായ പഴയ വെയിറ്റിംഗ് ഷെഡ് രണ്ടാഴ്ച മുൻപ് പൊളിച്ചുനീക്കിയിരുന്നു. ഇതിന് പകരമായാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ ഷെഡ് നിർമ്മിക്കുന്നത്.

അത്യാധുനിക സൗകര്യങ്ങൾ

  • ഒരേസമയം 50 പേർക്ക് ഇരിക്കാൻ കഴിയുന്ന വിധത്തിലാണ് ഇതിന്റെ രൂപകൽപ്പന.
  • 15 അടി ഉയരമുള്ള വെയിറ്റിംഗ് ഷെഡിൽ നിന്നും യാത്രക്കാർക്ക് മഴ നനയാതെ ബസുകളിൽ പ്രവേശിക്കാൻ സാധിക്കും.
  • ആധുനിക ടോയ്‌ലെറ്റ് സമുച്ചയം, പൊലീസ് എയ്ഡ് പോസ്റ്റ്, മുലയൂട്ടുന്ന അമ്മമാർക്കായി ഫീഡിംഗ് റൂം, വ്യാപാര സ്ഥാപനങ്ങൾ എന്നിവയും ഈ ഹൈടെക് വെയിറ്റിംഗ് ഷെഡിന്റെ ഭാഗമായി ഉണ്ടാകും.
  • നിർമ്മാണം ഉടൻ പൂർത്തിയാക്കി യാത്രക്കാർക്ക് തുറന്നുനൽകാനാണ് നഗരസഭ ലക്ഷ്യമിടുന്നത്