അഞ്ചു വയസുകാരന് ജനൽകട്ടിള വീണ് ദാരുണാന്ത്യം
ഏഴംകുളം: വീട് നിർമ്മാണത്തിന് സൂക്ഷിച്ചിരുന്ന ജനൽ കട്ടിള വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. അറുകാലിക്കൽ പടിഞ്ഞാറ് ചരുവിള പുത്തൻ വീട്ടിൽ തനൂജ് കുമാറിന്റെ മകൻ ദ്രുപത് തനൂജാണ് മരിച്ചത്. ഇന്നലെ രാവിലെ പത്തിന് തനൂജിന്റെ സഹോദരന്റെ അറുകാലിക്കലിലെ പഴയവീട്ടിലായിരുന്നു അപകടം. ഇവരുടെ പുതിയ വീടിന്റെ നിർമ്മാണം പരുത്തിപ്പാറയിൽ നടക്കുകയാണ്. സഹോദരന്റെ വീടിനു സമീപത്താണ് തനൂജും കുടുംബവും താമസിക്കുന്നത്.
കളിച്ചു കൊണ്ടിരുന്ന ദ്രുപത് മൂന്ന് പാളിയുള്ള കട്ടിളയിൽ ചാടിക്കയറിയപ്പോൾ മറിഞ്ഞ് ദേഹത്തേക്ക് വീഴുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ രക്ഷിതാക്കൾ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് 11.30 ന് അറുകാലിക്കലിലെ വീട്ടുവളപ്പിൽ. ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിലെ ഒന്നാം ക്ളാസ് വിദ്യാർത്ഥിയാണ്. മാതാവ്: ആര്യ. അടൂർ ഹോളി ഏഞ്ചൽസിൽ ആറാം ക്ലാസ് വിദ്യാർത്ഥിയായ അദ്വൈതാണ് സഹോദരൻ.