കാർഷിക മേഖലയിലെ യന്ത്ര വത്കരണം , പ്രോത്സാഹന പദ്ധതിയുമായി കൃഷിവകുപ്പ്
തിരുവനന്തപുരം: കുറഞ്ഞ ചെലവിൽ കൂടുതൽ വിളവെടുപ്പിനും ഉത്പാദനക്ഷമത വർദ്ധനയ്ക്കും ലക്ഷ്യമിട്ടുള്ള യന്ത്രവത്കരണത്തിന് സഹായവുമായി കൃഷിവകുപ്പ്. കാർഷിക മേഖലയിൽ യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി കാർഷിക യന്ത്രങ്ങൾ നൽകുന്ന കാർഷിക യന്ത്രവത്കരണ ഉപപദ്ധതി ( സബ് മിഷൻ ഓൺ അഗ്രിക്കൾച്ചറൽ മെക്കനൈസേഷൻ - സ്മാം) യാണ് കർഷകർക്ക് ആശ്വാസമാകുന്നത്.
കേന്ദ്ര സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിൽ യന്ത്രങ്ങൾക്ക് വിലയുടെ 40ശതമാനം മുതൽ 50 ശതമാനം വരെ സബ്‌സിഡി ലഭിക്കും. യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി കൃഷി വകുപ്പിന്റെ എൻജിനിയറിംഗ് വിഭാഗം സർവീസ് ക്യാമ്പുകളും നടത്തും. കാർഷിക യന്ത്രങ്ങളുടെ ഉപയോഗവും നിയന്ത്രിത സൂഷ്‌മ ജലസേചന രീതികളും നടപ്പിലാക്കുന്നതിലൂടെ ഉത്പാദന ചെലവ് കുറയ്ക്കുന്നതിനും ഉത്പാദന ക്ഷമത വർദ്ധിപ്പിക്കുന്നതിനും കർഷകർക്ക് സഹായമാകും.
ഗ്രൂപ്പുകൾക്ക് 80 ശതമാനം സബ്‌സിഡി
കർഷകരുടെ കൂട്ടായ്മകൾ,എസ്.എച്ച്.ജി കൾ,എഫ്.പി.ഒകൾ തുടങ്ങിയവയ്ക്ക് കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ (കസ്റ്റം ഹയറിംഗ് സെന്ററുകൾ ) സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 ശതമാനം സാമ്പത്തിക സഹായം ലഭിക്കും.ഫാം മെഷിനറി ബാങ്കുകൾ സ്ഥാപിക്കുന്നതിനായി 30 ലക്ഷം രൂപ വരെയുള്ള പദ്ധതിക്ക് 24 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം അനുവദിക്കും. വനാവകാശ നിയമ പ്രകാരമുള്ള പട്ടയ ഗുണഭോക്താക്കൾക്ക് എല്ലാ വിഭാഗത്തിലും 90 ശതമാനം വരെ ആനുകൂല്യങ്ങളും പദ്ധതിയിലൂടെ ലഭിക്കും.